Cinemapranthan

‘സ്ത്രീകൾ ഇനിയും സഹിച്ചു നിൽക്കേണ്ട ആവശ്യമില്ല’; ശ്രദ്ധേയമായി ‘പിങ്ക് ഗൗൺ’ ഹ്രസ്വചിത്രം

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം ആണ് പിങ്ക് ഗൗൺ

കേരളത്തിലെന്നല്ല ലോകത്തെവിടെയും സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ഗാർഹിക പീഡനം. സമീപകാലത്തെ സ്ഥിതി വിവര കണക്കുകൾ സൂചിപ്പിക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങളുടെ ഗണ്യമായ വർധനവാണ്. എന്നാൽ ഈയൊരു പ്രശ്നം നമ്മുടെ ഒന്നും മുഖ്യധാരാ മാധ്യമങ്ങളിലോ നിയമത്തിനു മുന്നിലോ എത്തുന്നില്ല എന്നുള്ളതാണ്.

“പിങ്ക് ഗൗൺ” ഗാർഹിക പീഡനം പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വചിത്രമാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം ആണ് ‘പിങ്ക് ഗൗൺ’. സ്ത്രീകൾ ഇനിയും സഹിച്ചു നിൽക്കേണ്ട ആവശ്യമില്ലെന്നും നഷ്ടങ്ങളുടെ കണക്കുകൾ അല്ല നോക്കേണ്ടത് പകരം ഇത്തരം പീഡനങ്ങളിൽ നിന്നും പുറത്തു വരാൻ ധൈര്യം കാണിക്കണമെന്നും ‘പിങ്ക് ഗൗൺ’ പറഞ്ഞു വെക്കുന്നു.

ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളുമായി, വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ഓസ്‌ട്രേലിയയിൽ എത്തുന്ന പെൺകുട്ടി. വളരെ സ്നേഹവും, മാന്യനുമായ തന്റെ ഭർത്താവിനൊപ്പം ജീവിതം ആരംഭിക്കുന്നു. എന്നാൽ അയാളുടെ ഉള്ളിലെ ചെകുത്താനെ തിരിച്ചറിയുന്നത് തനിക്കു നേരിടേണ്ടി വന്ന കടുത്ത പീഡനങ്ങളെ തുടർന്നാണ്. എത്ര വലിയ സ്വപ്നമാണ് കണ്ടതെങ്കിൽ പോലും, അക്രമാസക്തനായ തന്റെ ഭർത്താവിനെ അടിച്ചു വീഴ്ത്തി അവിടെ നിന്ന് രക്ഷപ്പെടുമ്പോൾ എത്ര വലിയ ബന്ധങ്ങൾ ആയാലും സഹിച്ചും ക്ഷമിച്ചും നിൽക്കാതെ ആ ബന്ധങ്ങളെ പൊട്ടിച്ചെറിഞ്ഞു വരണം എന്ന് കൂടി കാണിച്ചു തരുകയാണ് ‘പിങ്ക് ഗൗൺ’.

‘പിങ്ക് ഗൗൺ’ ചിത്രത്തിന്റെ കഥ – തിരക്കഥ- സംഭാക്ഷണം – സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് മിഥുൻ റോയ് മുക്കത്ത് ആണ്. കാർത്തിക രാജേഷ് നായർ, പോൾ മെബിൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗിരി ജി പിള്ള. അസ്സോസിയേറ്റ് ഡയറക്ടർ അബിൻ റോയ് മുക്കത്ത്. അസ്സോസിയേറ്റ് ക്യാമറ സിറിൽ ജോസ്, ജോയൽ ജോയ്. പശ്ചാത്തല സംഗീതം ആനന്ദ് നമ്പ്യാർ. എഡിറ്റിംഗ് ബാസിം റഹ്മാൻ. മേക്കപ്പ് പ്രസിധി വർധൻ. സംഗീത സംവിധാനം രോഹിത് ഗോപാല കൃഷ്ണൻ, ഡീൻ ആൻഡേഴ്സൺ, സ്റ്റീവൻ ജോൺ മിഹേൽജെവിച്ച്, ബ്രോന്റി ലെഡിൻ.

cp-webdesk