Cinemapranthan

മാസ്സായി തലൈവർ; അണ്ണാത്തെയുടെ തീപ്പൊരി ടീസർ കാണാം

സണ്‍ പിക്ചേഴ്‍സ് നിർമിക്കുന്ന ചിത്രം ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തും.

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ടീസർ പുറത്ത് വിട്ടു. സിരുത്തൈ ശിവയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമ ലോകം കാത്തിരിക്കുന്നത്.അണ്ണാത്തെയിലേതായി പുറത്തുവന്ന സ്റ്റില്ലുകൾ ഓണ്‍ലൈനില്‍ തരംഗവുമായിരുന്നു.

ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സൂരി, മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ എത്തുന്നുണ്ട്. രജനികാന്തും സിരുത്തൈ ശിവയും ഒന്നിക്കുമ്പോള്‍ മാസാകും എന്ന പ്രതീക്ഷപോലെ തന്നെയാണ് ടീസര്‍.

ഒരു മാസ് കുടുംബ ചിത്രമായിട്ടു തന്നെയാണ് സിരുത്തൈ ശിവ അണ്ണാത്തെ എത്തിക്കുന്നത്. എസ് പി ബാലസുബ്രഹ്‍മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഇതിഹാസ ഗായകൻ രജനി ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം വൻ ഹിറ്റാകുകയും ചെയ്‍തു. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. സണ്‍ പിക്ചേഴ്‍സ് നിർമിക്കുന്ന ചിത്രം ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തും.

cp-webdesk