സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മഞ്ജു വാര്യരുടെ ഇലക്ഷന് പോസ്റ്റർ. ആലപ്പുഴ ജില്ലയിലെ വെൺമണി പഞ്ചായത്തിലെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ ആദ്യം പ്രദേശ വാസികൾക്ക് ഇടയിൽ ചർച്ചാവിഷയമാവുകയായിരുന്നു. ‘സുനന്ദ സൂപ്പറാണ്’ എന്ന തലക്കെട്ടോടെ പതിച്ചിരിക്കുന്ന പോസ്റ്ററിൽ സ്ഥാനാർഥിയായ സുനന്ദയായി മഞ്ജു വാരിയറുടെ ചിത്രമാണ് ഉള്ളത്.
‘വെള്ളരിക്കാപ്പട്ടണം’ എന്ന പുതിയ ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒട്ടിച്ച പോസ്റ്ററായിരുന്നു ഇത്തരത്തിൽ വൈറലായി മാറിയത്. ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ വാർഡ് പത്തിൽ യുഡിപി സ്ഥാനാർഥിയായി മത്സരിക്കുന്ന സുനന്ദയുടെ പേരിലാണ് പോസ്റ്റർ. മഹേഷ് വെട്ടിയാറാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഫുൾ ഓൺസ്റ്റുഡിയോസ് ആണ്.

മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. അലക്സ് ജെ.പുളിക്കൽ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകൾ.
മഞ്ജു വാര്യറും സൗബിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സലിംകുമാർ, സുരേഷ്കൃഷ്ണ ,കൃഷ്ണശങ്കർ, ശബരീഷ് വർമ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, വീണനായർ, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
എഡിറ്റിങ് അപ്പുഭട്ടതിരിയും അർജു ബെന്നും ചേർന്ന് നിർവഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി. രാജേഷ് കുമാറുമാണ് അസോഷ്യേറ്റ് ഡയറക്ടർമാർ.