Cinemapranthan

സജീവമായി തമിഴ് സിനിമ ലോകം; ദീപാവലി റിലീസായി വമ്പൻ ചിത്രങ്ങൾ

ദീപാവലിക്ക് സൂപ്പർ താര ചിത്രങ്ങളടക്കം അഞ്ചിൽ അധികം ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്.

കോവിഡ് പ്രതിസന്ധിക്ക് ശേഷം സിനിമ ലോകം വീണ്ടും പുത്തൻ ഉണർവിലേക്ക് എത്തുകയാണ്. തമിഴ് നാട്ടിൽ തിയേറ്ററുകൾ വീണ്ടും സജീവമായപ്പോൾ തമിഴ് സിനിമക്ക് തിയേറ്ററുകളില്‍ മികച്ച വരവേൽപാണ്‌ ലഭിച്ചിരിക്കുന്നത്. വിജയ് ആന്റണിയുടെ കോടിയില്‍ ഒരുവന്‍, ശിവ കാര്‍ത്തികേയന്റെ ഡോക്ടര്‍ റിച്ചര്‍ഡിന്റെ രുദ്ര താണ്ഡവം എന്നീ സിനിമകള്‍ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

ദീപാവലിക്ക് സൂപ്പർ താര ചിത്രങ്ങളടക്കം അഞ്ചിൽ അധികം ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് നൂറു ശതമാനം സീറ്റിങ്ങിന് സര്‍ക്കാര്‍ അനുവാദം നല്‍കുമെന്നും റിപോർട്ടുകൾ ഉണ്ട്

അണ്ണാത്തെ

സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയിൽ രജിനികാന്തിനൊപ്പം നയന്‍താര, സൂരി, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്ത് വിട്ടിരുന്നു. ഒരു മിനിറ്റ് 44 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറിൽ നായികയേയോ വില്ലനെയോ മറ്റുള്ളവരെയോ കാണിച്ചിട്ടില്ല, രജിനിയുടെ സ്റ്റൈലും മാസ് ഗെറ്റപ്പും തന്നെയാണ് ടീസറിലെ പ്രധാന ആകര്‍ഷണം. ചിത്രം ദീപാവലി റിലീസായി തിയേറ്ററിൽ എത്തും.

ജയ് ഭീം

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി റിലീസായി ആണ് പ്രദർശനത്തിന് എത്തുന്നത്. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സൂര്യ എത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയായ നടി ലിജോമോൾ, രജീഷ വിജയൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം ആമസോണ്‍ പ്രൈമില്‍ നവംബര്‍ 2ന് റിലീസ് ചെയ്യും.

എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍ബറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. ജയ് ഭീം ഉള്‍പ്പെടെ സൂര്യയുടെ 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഓഗസ്റ്റ് ആദ്യം പ്രഖ്യാപിച്ചിരുന്നതാണ്.

എനിമി

ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്യ, വിശാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മമ്‌ത മോഹൻദാസ്, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ മൃണാളിനി രവിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമനാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം. ആര്‍ ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റെയ്മണ്ട് ഡെറിക് ക്രാസ്റ്റ എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം രാമലിംഗമാണ്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായ സറ്റണ്ട് സീനുകള്‍ രവി വര്‍മ്മയാണ് കോറിയോഗ്രഫി ചെയ്യുന്നത്. ചിത്രം തിയേറ്റർ റിലീസായി തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

മാനാട്

ചിമ്പു, കല്യാണി പ്രിയദർശൻ, എസ്.ജെ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പൊളിറ്റിക്കല്‍ ടൈം ലൂപ് ത്രില്ലറാണ്. ചിമ്പുവിന്റെ 45ാമത്തെ സിനിമയാണ് മാനാട്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിക്ക് ചിത്രം തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തും.

യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. എസ് എ ചന്ദ്രശേഖര്‍, കരുണാകരന്‍, വൈ ജി മഹേന്ദ്രൻ, വാ​ഗൈ ചന്ദ്രശേഖർ, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥൻ

അരുണ്‍ വിജയ്‌യുടെ വാ ഡീല്‍ എന്ന ചിത്രവും ദീപാവലിക്ക് തിയേറ്റർ റിലീസ് പ്രഖ്യാപിച്ച തമിഴ് സിനിമയാണ്.

cp-webdesk