Cinemapranthan

‘ഞാനൊരു എംപിയാണ്’: എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി; ആവശ്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ

ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം.പി. കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. ‘ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാൻ മേയർ അല്ല’ എന്ന് സുരേഷ് ഗോപി പറഞ്ഞതോടെ എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേര് പങ്കുവെച്ച വീഡിയോ ഇപ്പോൾ ഏറെ വിവാദമായിരിക്കുകയാണ്. അതേസമയം എം.എൽ.എ എം.പി സ്ഥാനങ്ങളിൽ ഉള്ളവർക്ക് സല്യൂട്ട് നൽകേണ്ട ചട്ടം നിലവില്ലന്നാണ് പല ഉന്നത ഉദ്യോഗസ്ഥരും മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

ഒട്ടേറെ ചിത്രങ്ങളിലൂടെ തീപ്പൊരി പോലീസ് കഥാപാത്രങ്ങൾ അവതരിപ്പിച്ച താരത്തിന്റെ ഈ പ്രവർത്തി വലിയ രീതിയിൽ തന്നെ വൈറൽ ആയിരിക്കുകയാണ്. എസ്.ഐയെക്കൊണ്ട് സല്യൂട്ട് അടിപ്പിക്കണ സുരേഷ് ഗോപി എന്ന തലക്കെട്ടോടെ ഒട്ടേറെ ആരാധകർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
#Suresh Gopi

cp-webdesk