Cinemapranthan

ഓസ്കറിനുള്ള ഇന്ത്യൻ സിനിമകളുടെ സ്ക്രീനിങ് ആരംഭിച്ചു; നായാട്ട് പട്ടികയിൽ

യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം മണ്ടേല, ചെല്ലോ ഷോ എന്ന ഗുജറാത്തി സിനിമ എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് സിനിമകൾ.

94-ാമത് ഓസ്കർ അവാർഡിനു പരിഗണിക്കാനുള്ള ഇന്ത്യൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ് ആരംഭിച്ചു. സംവിധായകൻ ഷാജി എൻ. കരുൺ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുക. മലയാളത്തിൽ നിന്ന് ഇത്തവണ നായാട്ട് മത്സരിക്കും എന്നാണ് റിപോർട്ടുകൾ.

അടുത്ത മാർച്ച് 27 നാണ് 94-ാമത് ഓസ്കർ പുരസ്കാര സമർപ്പണച്ചടങ്ങ് നടക്കുന്നത്. ഇതിന് മുന്നോടിയായി ഫെബ്രുവരിയിൽ ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കും.

കൊൽക്കത്തയിലെ ഭവാനിപുരിൽ വച്ച് പതിനഞ്ചോളം വിധികർത്താക്കൾ ചേർന്നാണ് ഓസ്കർ വേദിയിൽ ഇന്ത്യൻ സിനിമയെ പ്രതിനിധാനം ചെയ്യുന്ന സിനിമയെ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ വിവിധഭാഷകളിൽ നിന്നുള്ള പതിനാലോളം സിനിമകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം മണ്ടേല, ചെല്ലോ ഷോ എന്ന ഗുജറാത്തി സിനിമ എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് സിനിമകൾ. സ്വാതന്ത്ര്യസമര സേനാനിയായ ഉദ്ദം സിംഗിന്റെ ജീവിതം പറഞ്ഞ സർദാർ ഉദ്ദം എന്ന സിനിമയും വിദ്യാ ബാലൻ അഭിനയിച്ചു ഫലിപ്പിച്ച ഷേര്‍ണിയും പട്ടികയിലുണ്ട്.

ഷാഹി കബീർ രചിച്ച് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തിയിരിക്കുന്നു. സി.പി.ഒ. പ്രവീൺ മൈക്കിൾ, എ.എസ്.ഐ. മണിയൻ, സുനിത എന്നീ മൂന്നു പേരാണ് സിനിമയെ മുൻപോട്ട് കൊണ്ട് പോകുന്ന പ്രധാന കഥാപാത്രങ്ങൾ.

തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു ദലിതന്‍റെ മരണവും അതിന്‍റെ പേരിലുള്ള ‘നായാട്ടു’മൊക്കെയാണ് സിനിമ പറയുന്നത്. അതുമായി ബന്ധപ്പെട്ട് ഈ മൂന്നു പൊലീസുകാരും അവർ ചെയ്യാത്ത തെറ്റിന് കുറ്റക്കാരാകുന്നു. ശേഷം, അവർ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായി പരക്കംപായുകയും അവർക്കായുള്ള പൊലീസിന്‍റെ തിരച്ചിലുമൊക്കെയാണ് സിനിമ പറയുന്നത്.

cp-webdesk