2021ല്‍ ഇന്ത്യയില്‍ വൈറലായ വീഡിയോകള്‍ ഉള്‍പ്പെടുത്തിയുള്ള ബിബിസിയുടെ വര്‍ഷാവസാന പട്ടികയില്‍ ഇടം നേടി റാസ്പുടിന് വൈറല്‍ നൃത്ത വിഡിയോ. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജാനകി ഓംകുമാറും നവീന്‍ കെ റസാഖും ചേര്‍ന്ന് റാസ്പുടിന് ഗാനത്തിന് ചുവടുവച്ചതിന്റെ വീഡിയോ ആണ് പട്ടികയില്‍ സ്ഥാനം പിടിച്ചതിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ് വാക്സീന് സ്വീകരിക്കുന്നതും ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് ഇതേ പട്ടികയിൽ ഇടം നേടിയ മറ്റ് വീഡിയോകള്‍.
നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ 2021 ഏപ്രില്‍ മാസത്തിലാണ് പുറത്തുവന്നത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. യൂണിഫോം ധരിച്ച് ആളൊഴിഞ്ഞ വരാന്തയില്‍ വച്ചായിരുന്നു ഇരുവരുടയും പ്രകടനം. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വിഡിയോ കോടിക്കണക്കിനു പ്രേക്ഷകരെയും വാരിക്കൂട്ടി.
നൃത്ത വിഡിയോ വൈറലായതോടെ ജാനകിക്കും നവീനും പ്രശംസയ്ക്കൊപ്പം വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഇരുവരുടെയും പേരുകള്‍ക്കൊപ്പം മതത്തിന്റെ നിറം കലര്‍ത്തി ചിലര്‍ അവഹേളിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ നവീനും ജാനകിയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാസ്പുടിന് ഡാന്‍സിന്റെ വിവിധ പതിപ്പുകള്‍ പുറത്തു വന്നിരുന്നു.