Cinemapranthan

‘മലയാള താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുത്’: മുല്ലപ്പെരിയാർ; പൃഥ്വിരാജിനെതിരെ വ്യാപക പ്രതിഷേധം

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നിൽ അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക്​ പ്രവർത്തകർ പൃഥ്വിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കൂടാതെ സുപ്രീം കോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പൃഥ്വി നടത്തിയതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്​ടർക്കും എസ്​.പിക്കും പരാതി നൽകിയതായും സംഘടനയുടെ ജില്ല സെക്രട്ടറി എസ്​. ആർ ചക്രവർത്തി മാധ്യമങ്ങളോട് പറഞ്ഞു.

പൃഥ്വി യഥാർഥ മലയാളി ആണെങ്കിൽ ഇനി തമിഴ് സിനിമയിൽ അഭിനയിക്കില്ലെന്നും തമിഴ്നാട്ടിൽ കാലുകുത്തില്ലെന്നും പ്രഖ്യാപിക്കണമെന്ന തരത്തിൽ ട്വിറ്ററിലും പ്രധിഷേധം ശക്തമാണ്. അതേസമയം പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്നും ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എൽ.എയുമായ വേൽമുരുകനും ആവശ്യപ്പെട്ടു.

#DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് ഉൾപ്പടെ നിരവധി മലയാളി സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

cp-webdesk