Cinemapranthan

പ്രിയന്റെ നിര്‍ബന്ധത്തിനു വഴങ്ങി അഭിനയിച്ചതാണ്; ഫാൻസി ഡ്രസ്സ് കോമ്പറ്റീഷന് നിൽക്കുന്നതു പോലെയാണ് തോന്നിയത്: സുരേഷ് കുമാർ

എന്റെ ദൗത്യം അഭിനയമല്ല. ഞാൻ അഭിനയിക്കാനായി എത്തിയത് തന്നെ യാദൃച്ഛികമായിട്ടാണ്

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ബ്രന്മണ്ട ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ കൊച്ചി രാജാവ് ആയി വേഷമിട്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് സുരേഷ് കുമാർ. പ്രിയദർശന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ ഈ ചിത്രം ചെയ്തതെന്നും തനിക്ക് ആ വേഷം അത്ര ഇഷ്ടമായിരുന്നില്ലെന്നും പറയുകയാണ് അദ്ദേഹം മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പ്രിയന്റെ നിർബന്ധത്തിനു വഴങ്ങി അഭിനയിച്ചതാണ്. സത്യം പറഞ്ഞാൽ കൊച്ചി രാജാവിനെ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഞാൻ ഒരു ഫാൻസി ഡ്രസ്സ് കോമ്പറ്റീഷന് നിൽക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്. സിനിമയിൽ എന്നെക്കണ്ടിട്ട് എനിക്ക് അത്ര സുഖം തോന്നുന്നില്ല. ബാക്കി എല്ലാവരും നന്നായി ചെയ്ത ഒരു സിനിമയാണ് മരക്കാർ. എന്റെ ദൗത്യം അഭിനയമല്ല. ഞാൻ അഭിനയിക്കാനായി എത്തിയത് തന്നെ യാദൃച്ഛികമായിട്ടാണ്. 2017 ൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. അരുൺ ഗോപി സംവിധാനം ചെയ്ത ‘രാമലീല’ എന്ന ദിലീപ് ചിത്രമായിരുന്നു അത്. സച്ചി ആണ് അതിന്റെ തിരക്കഥ എഴുതിയത്’ സുരേഷ് കുമാർ പറയുന്നു

‘സച്ചിയോടു ഞാൻ എനിക്കുപറ്റില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു. ഞാൻ വിചാരിച്ചു തമാശയാകുമെന്ന്. പിന്നെ അവർ സീരിയസ് ആയി പറഞ്ഞപ്പോൾ എനിക്ക് പേടിയായി. സച്ചി പറഞ്ഞത് ചേട്ടൻ ഒന്നും ചെയ്യേണ്ട പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പ്രസിഡന്റ് ആയി വന്നിരിക്കാറുണ്ടല്ലോ, അതുപോലെ വിചാരിച്ചാൽ മതി എന്നാണ്. അങ്ങനെ രണ്ടും കൽപിച്ചാണ് അഭിനയിച്ചത്. ക്യാമറയുടെ മുന്നിൽ നിൽക്കാൻ എനിക്ക് പേടിയായിരുന്നു. അതുവരെ ഞാൻ എടുത്ത ചിത്രങ്ങളിൽപോലും അഭിനയിക്കണം എന്നൊരു ചിന്ത എന്റെ മനസ്സിന്റെ കോണിൽ പോലും തോന്നിയിട്ടില്ല. അഭിനയിക്കാനുള്ള തലയിലെഴുത്ത് ഇപ്പോഴാണ് വന്നത്. പത്തിരുപത് സിനിമകളിൽ അഭിനയിച്ചെങ്കിലും ഇപ്പോഴും അഭിനയമോഹം ഇല്ല. സുഹൃത്തുക്കൾ ആരെങ്കിലും വിളിച്ചാൽ പറ്റില്ല എന്ന് പറയില്ല, ഒന്നുരണ്ടു സീനിൽ അഭിനയിക്കും. ഇപ്പോൾ ഞങ്ങളുടെ സ്വന്തം ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. കെ. മധുവിന്റെ സിബിഐ അഞ്ചാംഭാഗത്തിലും ഉണ്ട്. ഇത്രയുമൊക്കെകൊണ്ട് ഞാൻ സംതൃപ്തനാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു.

മരക്കാർ’ റിലീസ് ചെയ്തതിനു പിന്നാലെ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് ചിത്രം ഏറ്റു വാങ്ങിയത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഇറങ്ങിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചതെങ്കിലും ആദ്യ പ്രദർശനം കഴിഞ്ഞത് മുതൽ തന്നെ പല കോണുകളിൽ നിന്നും സിനിമക്ക് വിമർശനങ്ങളും ഉയർന്നിരുന്നു. ചിത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് പലരും അഭിപ്രായങ്ങൾ ഉന്നയിക്കുമ്പോഴും സിനിമയെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

അതേ സമയം റിലീസിന് മുൻപ് തന്നെ ‘മരക്കാർ’ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡാണ് ഇതോടെ മരയ്ക്കാർ നേടിയത്. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. അനിൽ ശശിയും പ്രിയദർശനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രിയദർശൻ ആണ്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്.

മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ്, അർജുൻ, ഫാസിൽ, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

cp-webdesk