Cinemapranthan

യഷ് രാജ് ഫിലിംസിന്റെ ഹിന്ദി ഒടിടി സീരിസിലേക്ക് പൃഥ്വിരാജ്?

സീരീസിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

ആദിത്യ ചോപ്ര നിർമിക്കുന്ന പുതിയ ഹിന്ദി ഒടിടി സീരിസിൽ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപോർട്ടുകൾ. നിലവിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത് പ്രകാരം ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ബോളിവുഡിൽ നിന്നുള്ള പ്രമുഖ താരങ്ങളും അണിനിരക്കും. യഷ് രാജ് ഫിലിംസ് നിർമിക്കുന്ന സീരീസിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

ഔറങ്കസീബാണ് ഇതിന് മുമ്പ് പൃഥ്വിരാജ് അഭിനയിച്ച യഷ്‌രാജ് ഫിലിംസ് ചിത്രം. 2013ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നില്ല. അതേസമയം പ്രഭാസ് നായകനായ പ്രശാന്ത് നീല്‍ ചിത്രം സലാറിലും താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. താന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

ബ്രോ ഡാഡി, തീര്‍പ്പ് എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന പൃഥ്വിരാജ് സിനിമകൾ. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ബ്രോ ഡാഡി സംവിധാനം ചെയ്തതും പൃഥ്വിരാജാണ്. നിലവിൽ അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗോൾഡ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക.

cp-webdesk