Cinemapranthan

‘മരക്കാർ’ ഒരു ഇമോഷണൽ ത്രില്ലർ’; മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും അഭിമാനിക്കാം: മോഹൻലാൽ

മനോരമ ഓൺലൈനും ജെയ്ൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്നൊരുക്കിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഒരു ഇമോഷണൽ ത്രില്ലർ ആണെന്ന് മോഹൻലാൽ’. ‘മരക്കാർ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനും ജെയ്ൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്നൊരുക്കിയ പരിപാടിയിൽ ആണ് മോഹൻലാൽ ലാൽ ഇക്കാര്യം പറഞ്ഞത്. നെഫർറ്റിറ്റി എന്ന അത്യാഡംബര കപ്പലിൽ ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ട ആരാധകരും മോഹൻലാലിനൊപ്പം പരിപാടിയിൽ പങ്കെടുത്തു.

കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചപ്പോൾ, ആ ചരിത്ര പുരുഷനുമായി ഒരു താദാത്മ്യം അനുഭവപ്പെട്ടിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനായിരുന്നു. ‘തീർച്ചയായും അതു സംഭവിച്ചിട്ടുണ്ടാകാം. ആ സിനിമ കാണുമ്പോൾ, അതിന്റെ ക്ലൈമാക്സിൽ അതു ഫീല്‍ ചെയ്തെന്ന് ഒരു നടനെന്ന നിലയിൽ എനിക്കു പറയാം. ആ സിനിമ കാണുമ്പോൾ അത് മനസ്സിലാകും. അതുകൊണ്ടുതന്നെ ആ സിനിമയ്ക്ക്, ക്ലൈമാക്സിന് പ്രത്യേകതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.’ മോഹൻലാൽ പറയുന്നു.

അതേ സമയം ‘രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട സിനിമ 110 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത് എന്നും തന്റെയും പ്രിയദർശന്റെയും സ്വപ്നമാണ് ‘കുഞ്ഞാലിമരക്കാർ’, തീർച്ചയായും മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ആയിരിക്കും മരക്കാർ എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് ഈ സിനിമ മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത്. മൂന്ന് കപ്പലുകൾ ആണ് ഇതിനായി നിർമ്മിച്ചത്.

മേക്കിങ്ങിൽ റിയലിസ്റ്റിക് സമീപനമായിരുന്നു മരക്കാറിന് എന്ന് പറഞ്ഞ മോഹൻലാൽ, വെള്ളത്തിൽ വച്ചുള്ള ഷൂട്ടിങ് ആണ് ഏറ്റവും ബുദ്ധിമുട്ടേറിയത് എന്ന് കൂട്ടിച്ചേർത്തു. യുകെ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു വിഎഫ്എക്സ് ചെയ്തിരുന്നത്. വി എഫ് എക്സിന് വേണ്ടി ഒരു വർഷമാണ് പറഞ്ഞതെന്നും പെർഫെക്‌ഷനു വേണ്ടി മാക്സിമം ട്രൈ ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.

മോഹൻലാലിനു പുറമെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, സഹനിർമാതാവ് സന്തോഷ് ടി. കുരുവിള തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പിന്നണി ഗായിക മിൻമിനിയും മക്കളും നേതൃത്വം നൽകിയ സംഗീതവിരുന്നും നിപിൻ നിരവത്തിന്റെ മെന്റലിസം ഷോയും പരിപാടിക്ക് മാറ്റ് കൂടി

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘മരക്കാർ’ നൂറുകോടി മുതൽ മുടക്കിൽ ആണ് ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

cinema pranthan