Cinemapranthan

നെറ്റ്ഫ്ലിക്സിൽ എത്തും മുൻപ് മിന്നൽ മുരളി തിയേറ്ററിൽ കാണാം

അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയമായ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ ആണ് ചിത്രം ഈ മാസം 16ന് പ്രദർശിപ്പിക്കുക

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ ഈ മാസം 24ന് നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തുകയാണ്. അരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ തിയേറ്റർ കാഴ്ച നഷ്ട്ടമായതിന്റെ സങ്കടത്തിലാണ് സിനിമ പ്രേമികൾ. എന്നാല്‍ ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തും മുൻപ് തന്നെ തിയേറ്ററിൽ കാണാൻ പ്രേക്ഷകർക്ക് ഒരു അവസരം ലഭിക്കുന്നുണ്ട്.

അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയമായ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ ആണ് ചിത്രം ഈ മാസം 16ന് പ്രദർശിപ്പിക്കുക. മുംബൈയില്‍ വെച്ചാണ് മേള നടക്കുന്നത്. നടി പ്രിയങ്ക ചോപ്രയാണ് മാമി ഫിലിം ഫെസ്റ്റിവലിന്റെ പുതിയ ചെയര്‍പേഴ്‌സണ്‍.

മുംബൈ അക്കാദമി ഓഫ്‌ മുവിങ്‌ ഇമേജ്‌ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മേളയിൽ സംവിധായിക അഞ്ജലി മേനോന്‍, അനുപമ ചോപ്ര, ഇഷാ അംബാനി, വിശാല്‍ ഭരദ്വാജ്, ഫര്‍ഹാന്‍ അക്തര്‍, ആനന്ദ് മഹീന്ദ്ര, കബീര്‍ ഖാന്‍, വിക്രമാദിത്യ മൊടവാനി, സോയ അക്തര്‍, റാണ ദഗുപതി, സിദ്ധാര്‍ഥ് റോയ കപൂര്‍, സ്മൃതി കിരണ്‍ എന്നിവരാണ് ട്രസ്റ്റീ ബോര്‍ഡിലെ അംഗങ്ങള്‍.

മാമി പ്രോഗ്രാമിങ്‌, ഡയൽ എം ഫോർ ഫിലിംസ്‌ തുടങ്ങിയ സംരംഭങ്ങളിലൂടെ മുംബൈ ഫിലിം ഫെസ്റ്റിവൽ പ്രാദേശിക സിനിമകൾക്ക്‌ അർഹിക്കുന്ന ശ്രദ്ധ കൊടുത്തു വരുന്നുണ്ട്‌. ഇന്ത്യൻ സിനിമാ മേഖലയെ ഒരുമയോടെ നിറുത്താനും നല്ല ഇന്ത്യൻ, അന്താരാഷ്ട്ര, സിനിമകൾ തിരഞ്ഞെടുത്ത്‌ പരമാവധി പ്രേക്ഷകരിലേയ്ക്ക്‌ എത്തിക്കാനും തുടക്കം മുതലേ ലക്ഷ്യമിട്ടിരുന്നു ജിയോ ‘മാമി’. കൂടാതെ, വർഷം മുഴുവനും പ്രവർത്തിക്കുന്ന രാജ്യാന്തര വിശ്വാസ്യതയുള്ള ഒരു പ്ലാറ്റ്ഫോമായി മാറാനും ഇന്ത്യയിലെ ഫിലിം ഫെസ്റ്റിവലുകൾക്ക്‌ നേടാവുന്നതിൽ നവീനമായൊരു സ്വാധീനം ചെലുത്താനുമൊക്കെ മാമിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ സാധാരണ ജീവിതം നയിച്ചുവരുന്ന മുരളി എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അസ്വാഭാവികതകളിലൂന്നിയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്. ഒരിക്കല്‍ ഇടിമിന്നല്‍ ഏശുന്ന മുരളിക്ക് ചില അതീന്ദ്രീയ ശക്തികള്‍ ലഭിച്ച് ‘മിന്നല്‍ മുരളി’യായി മാറുകയാണ്. ടൊവീനോ തോമസ് ആണ് മുരളിയെ അവതരിപ്പിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് രചന. ഛായാഗ്രഹണം സമീര്‍ താഹിര്‍. സംഗീതം ഷാന്‍ റഹ്മാന്‍.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ‘ഗോദ’ എന്ന വിജയചിത്രത്തിനു ശേഷം ടൊവീനോയും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്‍തിരിക്കുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്.

cp-webdesk