Cinemapranthan

റെക്കോർഡ് റിലീസിന് ഒരുങ്ങി മരക്കാർ; നഷ്ടം വന്നാൽ തിയറ്ററുടമകൾ ഒരു നിശ്ചിത തുക നൽകണമെന്ന് ആന്റണി പെരുമ്പാവൂർ

അതേസമയം തിയറ്ററുകാർക്ക് ഇഷ്ടമുള്ള തുക അഡ്വാൻസായി നൽകിയാൽ മതിയെന്നാണ് ആശിർവാദ് പറയുന്നത്

ഒട്ടേറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ മോഹൻലാൽ ചിത്രം മരക്കാർ തിയേറ്ററിലേക്ക് എത്തുകയാണ്. എന്നാൽ പുതിയൊരു ഉപാധിയുമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയതായി റിപോർട്ടുകൾ. മിനിമം ഗ്യാരന്റിയെന്ന വ്യവസ്ഥയുമായി ആണ് ആൻറണി പെരുമ്പാവൂർ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

ഡിസംബർ 2-ന് തിയേറ്ററിൽ റിലീസ് ഉപാധികളില്ലാതെ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് എഗ്രിമെൻറിൽ മിനിമം ഗ്യാരന്റി കൂട്ടിച്ചേർത്തിരിക്കുന്നത്.സിനിമയ്ക്ക് നഷ്ടം സംഭവിച്ചാലും തിയറ്റർ ഉടമകൾ ഒരു നിശ്ചിത തുക നിർമാതാവിന് നൽകുന്നതാണ് മിനിമം ഗ്യാരന്റി. ഇത്തരം കരാറുകൾ ഭാവിയിൽ അപകടം ചെയ്യുമെന്ന വിലയിരുത്തലിലാണ് തിയറ്റർ ഉടമകൾ.

കരാറിലെ മിനിമം ഗ്യാരന്റി എന്ന ഭാഗം പൂരിപ്പിക്കേണ്ടെന്നാണ് തിയറ്റർ ഉടമകളുടെ തീരുമാനം. വിഷയം മന്ത്രി സജി ചെറിയാൻറെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫിയോക് പ്രസിഡൻറ് കെ വിജയകുമാർ പറഞ്ഞു. അതേസമയം തിയറ്ററുകാർക്ക് ഇഷ്ടമുള്ള തുക അഡ്വാൻസായി നൽകിയാൽ മതിയെന്നാണ് ആശിർവാദ് പറയുന്നത്. കരാർ സംബന്ധിച്ച ആശയക്കുഴപ്പം റിലീസിനെ ബാധിക്കില്ലെന്ന ഉറപ്പും അവർ നൽകിയിട്ടുണ്ട്.

പ്രിയദർശനും മോഹൻലാലും കൈകോർക്കുന്ന മരക്കാറിന്റെ റിലീസ് സംബന്ധിച്ച് നാളുകൾ നീണ്ടു നിന്ന തർക്കങ്ങൾക്കൊടുവിൽ ചിത്രം തീയേറ്ററിലൂടെ തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പായിരുന്നു. മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടർന്നായിരുന്നു മരക്കാർ ഒടിടിയ്ക്ക് പകരം തീയേറ്ററിലൂടെ തന്നെ റിലീസ് ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. ഡിസംബർ രണ്ടിനാണ് മരക്കാറിന്റെ റിലീസ്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മരക്കാർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്നുറപ്പാണ്.

Web Desk