Cinemapranthan

കൂട്ടിക്കലിനെ ചേർത്ത് പിടിച്ച് മെഗാസ്റ്റാർ: മെഡിക്കൽ സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും എത്തിച്ച് മമ്മൂട്ടി

പത്ത് കുടുംബങ്ങൾക്ക്‌ ഒന്ന് വീതം 100 ജലസംഭരണികളും കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ കൂട്ടിക്കലിൽ എത്തിച്ചിട്ടുണ്ട്.

പ്രകൃതി ദുരന്തത്തിൽ അടി പതറിയ കൂട്ടിക്കലിലെ ജനങ്ങൾക്ക് സഹായവുമായി മലയാളത്തിന്റെ മെഗാസ്റ്റാർ. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ജനതക്ക് സഹായം ഒരുക്കിയത്. മമ്മൂട്ടി തന്നെ നേരിട്ട് ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം ഇന്ന് രാവിലെയോടെ ദുരന്തമേഖലയിൽ സേവനം ആരംഭിച്ചു.

ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരും നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്.

പത്ത് കുടുംബങ്ങൾക്ക്‌ ഒന്ന് വീതം 100 ജലസംഭരണികളും കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ കൂട്ടിക്കലിൽ എത്തിച്ചിട്ടുണ്ട്. പുരുഷൻമാർക്കും സ്ത്രീകൾക്കും ഉൾപ്പെടെ എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ, പുതിയ പാത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഉൾപ്പെടുന്ന രണ്ടായിരത്തിലധികം തുണികിറ്റുകളും വിതരണത്തിന് എത്തിച്ചിട്ടുണ്ട്.

ദുരന്തം നടന്നതിന് പിറ്റേന്ന് രാവിലെ തന്നെ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. അവർ തയ്യാറാക്കിയ റിപ്പോർട്ട്‌ പ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്.മമ്മൂട്ടി നേരിട്ടാണ് ദുരന്തസ്ഥലത്തെ സംഘടനയുടെ പ്രവർത്തങ്ങളെ നിയന്ത്രിക്കുന്നത്. കെയർ ആൻഡ് ഷെയറിനെ കൂടാതെ കാനഡയിലെയും അമേരിക്കയിലെയും ആരാധകരുടെ കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്‍റർനാഷണൽ പ്രവർത്തകരും സഹായം എത്തിക്കുന്നുണ്ട്.

cp-webdesk