Cinemapranthan

ആരാധകർ കാത്തിരുന്ന കോംബോ; മമ്മൂട്ടി ലിജോ കൂട്ടുകെട്ടിൽ രണ്ട് ചിത്രങ്ങൾ

ലിജോയുടെ കഥയ്ക്ക് എഴുത്തുകാരൻ എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തീയേറ്ററുകൾ വീണ്ടും സജീവമാവുകയാണ്. ഒട്ടേറെ ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുത്ത് നിൽക്കുന്നതും. അതേസമയം ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒട്ടേറെ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. ഇക്കൂട്ടത്തിൽ മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ഒരേപോലെ കാത്തിരുന്ന മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രവും ഷൂട്ടിംഗ് ആരംഭിച്ചിരിക്കുമാകയാണ്. എന്നാൽ ആരാധകരുടെ ആവേശം ഇരട്ടിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഒപ്പം ഒന്നല്ല രണ്ട് ചിത്രങ്ങളാണ് മലയാളത്തിന്റെ മെഗാസ്റ്റാർ ചെയ്യുന്നത്.

നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെയാണ് ലിജോയും മെഗാസ്റ്റാറും ആദ്യമായി ഒന്നിക്കുന്നത്. ‘പ്ലേ ഹൗസി’നു ശേഷമാണ് പുതിയ നിർമാണ കമ്പനിയുമായി താരം എത്തുന്നത്. ‘മമ്മൂട്ടി കമ്പനി’ എന്നാണ് പുതിയ ചലച്ചിത്ര നിർമാണ-വിതരണ കമ്പനിയുടെ പേര്. തമിഴ്‌നാട് പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്നലെ പളനിയിൽ ആരംഭിച്ചിരുന്നു.

മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപോർട്ടുകൾ. ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയുമായി ചേർന്നാണ് മമ്മൂട്ടി കമ്പനി ‘നൻപകൽ നേരത്ത് മയക്കം’ ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. പേരൻപ്, കർണൻ, പുഴു സിനിമകളുടെ കാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ലിജോയുടെ കഥയ്ക്ക് എഴുത്തുകാരൻ എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്.

എംടി വാസുദേവൻ നായരുടെ കഥകൾ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്ന ആന്തോളജിയിലും ലിജോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂർണമായും ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം. നെറ്ഫ്ലിക്സ് നേരിട്ട് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രവും ഇതായിരിക്കും. സന്തോഷ് ശിവൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഈ ആന്തോളജിയുടെ ഭാഗമാകുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും.

cp-webdesk