Cinemapranthan

വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയറ്ററുകളിലേക്ക്; ആദ്യം ജോജുവിന്റെ ‘സ്റ്റാർ’

അബാം മൂവീസിൻറെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്

ഇടവേളക്ക് ശേഷം തിയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുകയാണ്. മലയാള സിനിമകളും റിലീസിന് ഒരുങ്ങുമ്പോൾ ആദ്യമെത്തുന്ന മലയാള ചിത്രം ജോജു ജോർജ് നായകനായ സ്റ്റാർ ആണ്. വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഫിലിം ചേംബർ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് ചിത്രത്തിന്റെ റിലീസ് ഉറപ്പിച്ചത്.

ഒക്‌ടോബർ 25 ന് ആണ് മൾട്ടിപ്ലക്സ് അടക്കം മുഴുവൻ തിയറ്ററുകളും തുറന്നത്. 25 മുതൽ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ ഈ മാസം ആദ്യത്തിൽ സംസ്ഥാന സർക്കാർ അനുമതി നൽകുകയായിരുന്നു.

അബാം മൂവീസിൻറെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. നവാഗതനായ സുവിൻ എസ് സോമശേഖരൻറേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തൻമയ് മിഥുൻ,ജാഫർ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്.ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ത്രില്ലർ ആണ് ചിത്രം. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്. സ്റ്റിൽസ്- അനീഷ് അർജ്ജുൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

cp-webdesk