Cinemapranthan

ചുരുളി കാണാൻ കേരള പോലീസ്; ചിത്രത്തിന്റെ ‘സഭ്യത’ പരിശോധിക്കാന്‍ സമിതി

ഇവര്‍ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും.

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ‘ചുരുളി’ കാണാൻ കേരള പോലീസ്. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് ചിത്രം കാണാൻ തീരുമാനിച്ചിരിക്കുന്നത്.

എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ നസീമ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുരുളി കാണുക.

സിനിമയിലുപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകള്‍ പരിശോധിക്കുന്നതിനാണ് സമിതി രൂപീകരിച്ചത്. ഇവര്‍ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി കുറച്ച് ദിവസം മുന്‍പ് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

സിനിമ എന്നത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആണ്, അതിൽ കൈ കടത്താൻ സാധിക്കില്ലെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ നൽകിയ ഹർജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി. ‘ചുരുളി’യിൽ നിയമ ലംഘനം നടന്നിട്ടില്ല എന്ന് അറിയിച്ച കോടതി വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുക? എന്നും ചോദിച്ചു.

സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാവൂ, പ്രഥമ ദൃഷ്ട്യാ ക്രിമിനൽ കുറ്റം നന്നതായി തോന്നുന്നില്ലന്നും കോടതി വ്യക്തമാക്കി.

സിനിമക്ക് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് ക്രിമിനൽ നടപടിക്രമം ലംഘിച്ചെന്നാണ് ഹർജിക്കാർ ആരോപിച്ചത്. എന്നാൽ സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തതെന്നും അത് കൊണ്ട് തന്നെ ആരെയും സിനിമ നിർബന്ധിച്ച് കാണിക്കുന്നില്ല എന്നും വിലയിരുത്തിയ കോടതി സിനിമയുടെ പ്രമേയത്തെക്കുറിച്ചല്ല പകരം ചില രംഗങ്ങളെ കുറിച്ച് മാത്രമാണ് പരാതിയെന്നും ചൂണ്ടിക്കാട്ടി.

cp-webdesk