Cinemapranthan

ഇങ്ങനെയാണെങ്കില്‍ ആരും കല്യാണത്തിന് വരില്ല; ചർച്ചയായി കത്രീന – വിക്കി വിവാഹത്തില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍

സ്വകാര്യത കണക്കിലെടുത്ത് ആണ് ഈ നിബന്ധനകൾ താര ജോഡികൾ വെച്ചിരിക്കുന്നത്

ബോളിവുഡ് താര ജോഡികളായ കത്രീന കൈഫ് – വിക്കി കൗശൽ വിവാഹം ആണ് ഇപ്പോൾ ചർച്ച വിഷയം. വിവാഹ വാർത്തകൾ പുറത്തു വന്നത് മുതൽ സോഷ്യൽ മീഡിയയുടെ പ്രധാന ചർച്ച കേന്ദ്രമായിരുന്നു ഈ പ്രണയ ജോഡികൾ. എന്നാലിപ്പോൾ വീണ്ടും വിവാഹവുമായി ബന്ധപ്പെട്ടു ഇരുവരും വാർത്തകളിൽ നിറയുകയാണ്.

താരങ്ങളുടെ വിവാഹചടങ്ങിന് പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകളാണ് ഇപ്പോൾ വാർത്തകളിലിടം പിടിക്കുന്നത്. ഇങ്ങനെ ആണെങ്കിൽ കല്യാണത്തിന് ആര് വരുമെന്നാണ് ആരാധകരും താരങ്ങളും ചോദിക്കുന്നത്. നിബന്ധനകള്‍ സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇരുവർക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

വിവാഹത്തിന് പങ്കെടുക്കുന്നവർക്ക് നിരവധി നിബന്ധനകളാണ് ഇരുവരും വെച്ചിരിക്കുന്നത്. തങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് ആണ് ഈ നിബന്ധനകൾ താര ജോഡികൾ വെച്ചിരിക്കുന്നത്. വളരെ അടുപ്പമുള്ള കുറച്ചു പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. വിവാഹത്തിന് പങ്കെടുക്കുന്നവർക്ക് ഒരു രഹസ്യ കോഡ് നൽകിയിട്ടുണ്ടെന്നും, ഇത് ഉണ്ടെങ്കിൽ മാത്രമേ പ്രവേശനാനുമതി നൽകുവെന്നുമാണ് റിപ്പോർട്ടുകൾ.

കൂടാതെ ‘അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനോ പാടില്ല. വിവാഹം നടക്കുന്ന ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. വിവാഹത്തിന്റെ വിഡിയോ റീല്‍സ് ആയി ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത്,’ തുടങ്ങിയവയാണ് മറ്റു നിബന്ധനകൾ.

ഇത്രയേറെ നിബന്ധനകള്‍ ഉണ്ടെങ്കില്‍ ആരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേ സമയം ഇതിനെതിരെ നടൻ ഗജ്‌രാജ് റാവുവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായി. ഫോണിൽ സെൽഫി എടുക്കാന്‍ പറ്റില്ലെങ്കിൽ ഈ കല്യാണത്തിനേ താനില്ല എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗജ്‌രാജ് പ്രതികരിച്ചത്.

ഗുജറാത്തിലെ സ്വാമി മധോപൂര്‍ ഹോട്ടലിലാണ് മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. സല്‍മാന്‍ ഖാന്‍, കബീര്‍ ഖാന്‍, രോഹിത് ഷെട്ടി, അലി അബാസ് സഫര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ ഡിസംബര്‍ 9ന് വിവാഹത്തിന് ശേഷം മുബൈയില്‍ റിസപ്ഷന്‍ ഒരുക്കും എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. രാജസ്ഥാനില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് റിസെപ്ഷന്‍ ഒരുക്കുന്നത്. അതിഥികളുടെ ലിസ്റ്റില്‍ മാധ്യമ പ്രവർത്തകരും ഉണ്ടെന്നാണ് സൂചന.

cinema pranthan