Cinemapranthan

‘അവിടം എന്നെ ഉലച്ചുകളഞ്ഞു’; സവര്‍ക്കറുടെ സെല്ലിലെത്തി കങ്കണ

പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായാണ് താരത്തിന്റെ ആൻഡമാൻ സന്ദർശനം

ആൻഡമാനിലെ പോർട്ട് ബ്ലെയറിലുള്ള സെല്ലുലാർ ജയിലിൽ എത്തി ബോളിവുഡ് താരം കങ്കണ റണൗട്ട്. സെല്ലുലാർ ജയിലിൽ വി.ഡി സവർക്കറെ പാർപ്പിച്ചിരുന്ന സെല്ലിലെത്തിയ കങ്കണ അവിടെനിന്നുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ശർവേഷ് മെവാന സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായാണ് താരത്തിന്റെ ആൻഡമാൻ സന്ദർശനം.

അവിടം എന്നെ ഉലച്ചുകളഞ്ഞു. ക്രൂരമായ ഓരോ നടപടിയെയും നിശ്ചയദാർഢ്യത്തോടെയാണ് അദ്ദേഹം നേരിട്ടത്. കടലിന് നടുക്കുള്ള ഒരു ദ്വീപിൽ നിന്ന് രക്ഷപെടൽ അസാധ്യമായിരുന്നെങ്കിലും കനത്ത ചുവരുകളുള്ള ഒരു ജയിലിലെ ഒരു കുടുസ്സു മുറിക്കുള്ളിൽ ചങ്ങലകളാൽ ബന്ധനസ്ഥനാക്കിയാണ് അവർ അദ്ദേഹത്തെ പാർപ്പിച്ചത്, അല്ലാത്തപക്ഷം അദ്ദേഹം പറന്നുപോകും എന്നതുപോലെ. ഭീരുക്കൾ! ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ധാക്കഡി’നു ശേഷം കങ്കണ അഭിനയിക്കുന്ന ചിത്രമാണ് തേജസ്. ഒരു വ്യോമസേനാ പൈലറ്റിന്‍റെ വേഷത്തിലാണ് കങ്കണ ചിത്രത്തില്‍ എത്തുന്നത്. മണികര്‍ണിക റിട്ടേണ്‍സ്, ദി ലെജന്‍ഡ് ഓഫ് ദിദ്ദ, എമര്‍ജന്‍സി എന്നിവയാണ് കങ്കണയ്ക്ക് പൂര്‍ത്തിയാക്കാനുള്ള മറ്റു പ്രോജക്റ്റുകള്‍. ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും കങ്കണയ്ക്കായിരുന്നു. മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്‍കാരം നേടിയത്

cp-webdesk