Cinemapranthan

ജെ.സി ഡാനിയേൽ പുരസ്കാരം; ജയസൂര്യ മികച്ച നടൻ, നവ്യ നായർ നടി

എന്നിവർ (സംവിധാനം-സിദ്ധാർഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്) എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

2020ലെ ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ (ചിത്രം – സണ്ണി), നവ്യ നായരാണ് മികച്ച നടി (ചിത്രം – ഒരുത്തീ). രണ്ട് ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിവർ (സംവിധാനം-സിദ്ധാർഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്) എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം – എന്നിവർ), മധു നീലകണ്ഠനാണ് മികച്ച ഛായാ​ഗ്രാഹകൻ (ചിത്രം – സണ്ണി).

മറ്റ് പുരസ്കാരങ്ങൾ ​ഇങ്ങനെ;

മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂർ, ചിത്രം – താഹിറ
മികച്ച എഡിറ്റർ – ഷമീർ മുഹമ്മദ്, ചിത്രം – സണ്ണി
മികച്ച സം​ഗീത സംവിധായകൻ – ​ഗോപി സുന്ദർ, ചിത്രം – ഒരുത്തീ
മികച്ച പശ്ചാത്തലസം​ഗീതം – എം.ജയചന്ദ്രൻ, ചിത്രം – സൂഫിയും സുജാതയും
മികച്ച ​ഗായകൻ – വിജയ് യേശുദാസ്, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ​ഗായിക – സിതാര ബാലകൃഷ്ണൻ, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ​ഗാനരചയിതാവ് – അൻവർ അലി, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി, ചിത്രം – കാന്തി
മികച്ച സൗണ്ട് ഡിസൈൻ – രം​ഗനാഥ് രവി, ചിത്രം – വർത്തമാനം
മികച്ച കോസ്റ്റ്യൂം – സമീറ സനീഷ്, ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ
മികച്ച പുതുമുഖ നായകൻ – അക്ഷയ്, ചിത്രം – ദിശ
മികച്ച പുതുമുഖ നായിക – താഹിറ, ചിത്രം – താഹിറ
മികച്ച ബാലതാരം – കൃഷ്ണശ്രീ, ചിത്രം – കാന്തി

രഞ്ജിത്ത് ശങ്കർ–ജയസൂര്യ കൂട്ടുകെട്ടിൽ എത്തിയ സണ്ണി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചത്. ആമസോൺ പ്രൈം വഴി സെപ്റ്റംബർ 23 ന് റിലീസിനെത്തിയ ചിത്രം ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് നിർമ്മിച്ചത്.

നീണ്ട ഇടവേളക്ക് ശേഷം നവ്യ നായർ നായികയാകുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലെ മിന്നുന്ന പ്രകടനത്തിനാണ് താരം മികച്ച നടിക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

2020 ജനുവരി ഒന്നിനും ഡിസംബർ മുപ്പത്തിയൊന്നിനും ഇടയ്ക്ക് സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. ഏറ്റവും നല്ല ചിത്രത്തിന് 50000 രൂപ ക്യാഷ് അവാർഡും ശിൽപവും പ്രശംസാപ്രതവും. ഇതര ചിത്രങ്ങൾക്ക് ക്യാഷ് അവാർഡ്, ശിൽപവും പ്രശംസാ പത്രവും എന്നിവ നൽകുന്നതാണ്.

cp-webdesk