Cinemapranthan

ആമസോണ്‍ പ്രൈമില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഇന്ത്യന്‍ സിനിമ ഏത്?

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിതം പറയുന്ന ചിത്രം 4100ല്‍ അധികം ഇന്ത്യന്‍ പട്ടണങ്ങളില്‍ സ്ട്രീം ചെയ്‍തെന്നാണ് പ്രൈം വീഡിയോ വ്യക്തമാക്കുന്നത്.

കോവിഡ് പ്രതിസന്ധിയിൽ തിയേറ്ററുകൾ അടഞ്ഞെങ്കിലും ഒ.ടി.ടി റീലിസിലൂടെ ഒട്ടേറെ പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. ആമസോൺ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് പോലുള്ള വമ്പൻമാർക്ക് ഒപ്പം നീ സ്ട്രീം, റൂട്ട്സ്, സൈന പ്ലേ തുടങ്ങിയ പ്രാദേശിക സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ഫോമുകളും ഇപ്പോൾ സജീവമാണ്. വമ്പൻ പ്രൊഡക്ഷൻ ഹൗസിലും വൻ താരനിരയുമായൊക്കെ ഒരുങ്ങിയ ചിത്രങ്ങളും ഒ.ടി.ടി റിലീസിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

ഇക്കൂട്ടത്തിൽ ആമസോൺ പ്രൈം ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച പ്ലാറ്റ്‌ഫോമ്. ഇപ്പോഴിതാ ഏറ്റവുമധികം കണ്ട ഇന്ത്യൻ സിനിമ ഏതെന്ന് വ്യക്തമാക്കിയിരിക്കുന്നു ആമസോൺ പ്രൈം. ഷേർഷാ എന്ന യുദ്ധചിത്രമാണ് ആമസോണില്‍ ഇന്ത്യയിൽ ഏറ്റവുമധികം കാഴ്ചക്കാരെ നേടിയത്. ഓഗസ്റ്റ് 12 ന് റിലീസ് ചെയ്ത ചിത്രം കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻ ആണ് നിർമ്മിച്ചത്. സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 8.9 ആണ് ഐഎംഡിബിയില്‍ നേടിയിരിക്കുന്ന റേറ്റിങ്.

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിതം പറയുന്ന ചിത്രം 4100ല്‍ അധികം ഇന്ത്യന്‍ പട്ടണങ്ങളില്‍ സ്ട്രീം ചെയ്‍തെന്നാണ് പ്രൈം വീഡിയോ വ്യക്തമാക്കുന്നത്. 210ലേറെ രാജ്യങ്ങളിലും ചിത്രം ലഭ്യമായിരുന്നു. ഐഎംഡിബിയിലെ എക്കാലത്തെയും ജനപ്രിയ ഹിന്ദി ചിത്രങ്ങളുടെ പട്ടികയിലും ഷേര്‍ഷാ ഇടംപിടിച്ചിട്ടുണ്ട്.

വിഷ്ണു വർധനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സന്ദീപ് ശ്രീവാസ്തവയാണ്. ചിത്രത്തിന്റെ ഈ നേട്ടം കരൺ ജോഹറും സിദ്ധാർത്ഥ് മൽഹോത്രയുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

cp-webdesk