Cinemapranthan

തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം; തീരുമാനം ഇന്ന്

വൈകിട്ട് മൂന്നരയ്ക്കാണ് യോഗം

കേരളത്തിലെ സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുന്നതിൽ ഇന്നു തീരുമാനമുണ്ടയേക്കും. നിലവിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതിയിൽ മാത്രമാണ് കാണികളെ അനുവദിക്കുന്നത്. ഇത് സാധാരണ നിലയിലാക്കണമെന്ന സിനിമാ സംഘടനകളുടെ നിരന്തര ആവശ്യമാണ് സർക്കാർ പരിഗണിക്കുന്നത്. സ്കൂളുകൾ തുറന്ന ശേഷമുള്ള കോവിഡ് വ്യാപന സാഹചര്യവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം വിലയിരുത്തും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം.

അതെ സമയം സിനിമാതിയറ്ററുകളിൽ നിലവിൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയിൽ പ്രദർശനം നടത്താനാണ് സർക്കാറിൻറെ അനുമതിയെങ്കിലും ഇതിന് വിരുദ്ധമായി പല തിയറ്ററുകളിലും കൂടുതൽ ആളുകളുമായി പ്രദർശനം നടത്തുന്നതായി ദുൽഖർ സൽമാൻറെ നിർമാണ കമ്പനിയായ വേഫെയറർ ഫിലിംസ് പരാതി നൽകി. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനാണ് കുറുപ്പിൻറെ നിർമാതാക്കളായ വേഫെയറർ പരാതി നൽകിയത്. സംഭവത്തിൽ തിയറ്ററുകൾ വഞ്ചന കാണിച്ചാൽ കർശന നടപടിയുണ്ടാവുമെന്ന് ഫിയോക്ക് പ്രസിഡൻറ് കെ വിജയകുമാർ അറിയിച്ചു. ഇത്തരം കേസുകളിൽ നിർമ്മാണ കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കുകയും തിയേറ്ററിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

cp-webdesk