Cinemapranthan

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ടീം അവതരിപ്പിക്കുന്ന ‘ഫ്രീഡം ഫൈറ്റ്’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജിയോ ബേബിക്കൊപ്പം കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരമടക്കം ഒട്ടേറെ പ്രശംസകൾ ഏറ്റുവാങ്ങിയ ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം നിര്‍വഹിക്കുന്ന ‘ഫ്രീഡം ഫൈറ്റ്/ സ്വാതന്ത്ര്യ സമരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോ തോമസ് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്.

ജിയോ ബേബിക്കൊപ്പം മറ്റു നാല് സംവിധായകരും ചിത്രത്തിലുണ്ട്. ജിയോ ബേബിക്കൊപ്പം കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍.

ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് മികച്ച ശബ്ദരൂപകല്‍പ്പന എന്നിങ്ങനെ മൂന്ന് സംസ്‌ഥാന അവാർഡുകൾ സ്വന്തമാക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചർച്ചയായ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര ആസ്വാദകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

cp-webdesk