Cinemapranthan

ബ്രഹ്മാണ്ഡ സംവിധായകനൊപ്പം ആദ്യ തെലുങ്ക് ചിത്രം; ശങ്കർ സിനിമയുടെ എഡിറ്ററായി ഷമീർ മുഹമ്മദ്

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടട്ടില്ല.

മലയാള സിനിമാ ചരിത്രത്തിലെ സ്ഥിരം എഡിറ്റിംഗ് ചട്ടക്കൂടുകളെ മാറ്റി പ്രതിഷ്ഠിച്ച വ്യക്തിയാണ് ഷമീർ മുഹമ്മദ്. ഹിറ്റ് ചിത്രങ്ങളിലെല്ലാം പൊതുവായി കാണുന്ന ഒരു പേരായി അത് മാറിയിട്ട് കുറച്ച് വർഷങ്ങൾ തന്നെയായി. ചാർലിയും, സ്വാതന്ത്രം അർദ്ധരാത്രിയും ,അങ്കമാലി ഡയറീസും, മെക്സിക്കൻ അപാരതയും, ഇടിയും ഉൾപ്പടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലോടെ തിളങ്ങിയ അദ്ദേഹം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെയും എഡിറ്റർ ആണ്. ഫ്രെമുകളെ സംയോജിപ്പിക്കുന്നതിലെ സൗന്ദര്യം തന്നെയാണ് ഷമീറിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ അദ്ദേഹവുമായി ബന്ധപ്പെട്ട പുതിയൊരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഒട്ടേറെ സൂപ്പർഹിറ്റുകൾ കൊണ്ട് സിനിമ ലോകത്തെ തന്നെ വിസ്മയിപ്പിച്ച സംവിധായകൻ ശങ്കറിനൊപ്പം പുതിയ ചിത്രത്തിന്റെ ഭാഗമാവുകയാണ് ഷമീർ മുഹമ്മദ്.

സോഷ്യൽ മീഡിയയിലൂടെ ഷമീർ മുഹമ്മദ് തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്. ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിലാണ് ഷമീർ മുഹമ്മദ് എഡിറ്ററായി എത്തുന്നത്. രാം ചരൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കിയാര അഡ്വാനിയും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് സിനിമ പ്രാന്തന് ലഭിക്കുന്ന റിപോർട്ടുകൾ.

ബി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ആറാട്ട്, വൈശാഖ് ഒരുക്കുന്ന നൈറ്റ് ഡ്രൈവ് എന്നിവയാണ് ഷമീർ മുഹമ്മദിന്റെ പ്രദർശനത്തിന് ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

cp-webdesk