Cinemapranthan

ഞങ്ങൾ കണ്ടെത്തിയ സത്യങ്ങൾ സിനിമയിലുണ്ട് : ശ്രീനാഥ് രാജേന്ദ്രൻ അഭിമുഖം

‘സുകുമാര കുറുപ്പിന്റെ കള്ള പാസ്സ്പോർട്ടിൽ നിന്ന് കിട്ടിയ പേരാണ് അലക്സാണ്ടർ’

കോവിഡ് രണ്ടാംലോക്ഡൗണിനുശേഷം തുറന്ന തീയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ്. ചിത്രം 50 കോടി കളക്ഷൻ എന്ന നേട്ടവുമായി മുന്നേറുമ്പോൾ. സിനിമയെ കുറിച്ചും ‘കുറുപ്പി’നെ കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ പറ്റിയും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ സിനിമ പ്രാന്തനുമായി സംസാരിക്കുന്നു.

സിനിമക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ച്?

നല്ല കാര്യങ്ങൾ കേൾക്കുമ്പോൾ സന്തോഷിക്കുക എന്നുള്ളത് എല്ലാ മനുഷ്യരുടെയും സ്വഭാവമാണ്, സിനിമക്ക് ലഭിക്കുന്ന അഭിപ്രായങ്ങളിൽ ഏറെ സന്തോഷം. ഒരു തിയേറ്റർ സിനിമയായി തന്നെ ഒരുക്കിയ ചിത്രമാണ് കുറുപ്പ്. ആ സ്വപ്നത്തിനൊപ്പം നിർമ്മാതാക്കൾ കൂടെ നിന്നതിൽ ഏറെ സന്തോഷം.

കുറുപ്പിലേക്ക്?

സിനിമകൾ എടുക്കാത്ത സമയത്ത് കൂടുതലും യാത്രകളിലായിരിക്കും. 2012ൽ സെക്കന്റ് ഷോക്ക് ശേഷം ഒരു യാത്ര കഴിഞ്ഞ് എത്തിയപ്പോഴാണ് കുറുപ്പിന്റ കഥ സിനിമയാക്കാൻ ആലോചിക്കുന്നത്. ഒരുപാട് പഠനം ആവശ്യമായിരുന്നു, എല്ലാവർക്കും അറിയാവുന്ന കഥയല്ലേ അത് ഒരു സിനിമ ഫോർമാറ്റിലേക്ക് എത്തിക്കാൻ ഒരുപാട് സമയം ആവശ്യമായിരുന്നു അതിന്‌ വേണ്ടിയുള്ള യാത്രയിൽ ആയിരുന്നു.

‘സിനിമ ഒരിക്കലും ഒരു ഡോക്യുമെന്ററി അല്ലല്ലോ, ഒരുതരത്തിൽ ഫിക്ഷനും റിയാലിറ്റിയല്ലേ. അന്തരീക്ഷത്തിൽ നിന്ന് മാത്രം ഉണ്ടാക്കുന്നതല്ലലോ സിനിമ നമ്മുടെ അനുഭവങ്ങളും അറിവുകളും അതിനെ സ്വാധീനിക്കും. കുറിപ്പിൽ എന്താണ് സത്യം എന്താണ് നുണ എന്നൊന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. അതിൽ പ്രേക്ഷകർക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാം.’

പല വ്യക്തികളുടെ കാഴ്ചപ്പാടുകളിലൂടെയാണ് കുറുപ്പിന്റെ കഥ പറഞ്ഞ് പോകുന്നത്. കൃഷ്ണദാസ് സർ കാണുന്ന പിടികിട്ടാപുള്ളി കുറുപ്പല്ല ഭാസി പിള്ള കണ്ട കുറുപ്പ്. ഇവർ രണ്ടുപേരും കണ്ട കുറുപ്പിനെയല്ല ശാരദാമ്മ കണ്ടത്. എല്ലാം വ്യത്യസ്തമാണ്, അങ്ങനെ പലരുടെയും കാഴ്ചപ്പാടിലൂടെ പറഞ്ഞു പോകുന്ന ഒരു സിനിമാറ്റിക്ക് ശൈലിയിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെയും, കുറുപ്പിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമടക്കം പലരോടും സംസാരിച്ചതിന് ശേഷമാണ് കഥയിലേക്ക് എത്തിയത്.

ഒരു കുറ്റവാളി കേന്ദ്രകഥാപാത്രമാകുമ്പോൾ?

സുകുമാര കുറുപ്പിനെ നായകനാക്കി ചിന്തിച്ച ഒരു സിനിമയല്ല ഇത്. ഒരു ബിയോപിക്ക് എലമെന്റ് സിനിമയിൽ ഉണ്ടന്നത് സത്യമാണ്, പക്ഷെ സിനിമയിൽ ഒരുപാട് ഫിക്ഷനൽ എലമെന്റുകൾ കൂടിയുണ്ട്. സുകുമാര കുറുപ്പിനെ നായകനാക്കാൻ വേണ്ടിയെടുത്ത സിനിമയല്ല കുറുപ്പ്. സിനിമ കണ്ട പ്രേക്ഷകർ പറഞ്ഞതും അയാളെ നായകനാക്കിയട്ടില്ല എന്ന് തന്നെയാണ്. സിനിമയുടെ കണ്ടന്റിൽ നൂറ്‌ ശതമാനം വിശ്വാസമായുണ്ടായിരുന്നു. സിനിമയുടെ പേര് കുറുപ്പ് എന്ന് ആയതുകൊണ്ട് തന്നെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പുറത്തേക്ക് വരുന്നതിൽ എല്ലാം തന്നെ കുറുപ്പ് എന്ന വ്യക്തിക്ക് ഒരു ഹീറോയിക് ഇമേജ് നൽകുന്ന പോലെ തോന്നിയേക്കാം. അതേസമയം സിനിമക്ക് നേരെ ആദ്യം വന്ന വിമർശനങ്ങളെ കാഴ്ചക്കാരുടെ ഒരു നല്ല മനസ്സായി തന്നെയാണ് കണ്ടത്. മലയാളികളുടെ ഈ ഒരു പ്രതികരണത്തിൽ ശരിക്കും അഭിമാനമാണ് തോന്നിയത്.

സിനിമ കാണുന്ന പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്യിക്കുകയാണ് ഒരു സംവിധായകന്റെ കടമ. അത്തരത്തിൽ ആണ് സിനിമയുടെ ആദ്യ പകുതിയിൽ കഥപറഞ്ഞു പോകുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്താൻ ഒരു മാസ്സ് എലമെന്റ് ആവശ്യമാണ്. രണ്ടരമണിക്കൂർ ഉള്ള സിനിമയുടെ അവസാനം പ്രേക്ഷകർക്ക് എന്താണ് തോന്നുന്നത് എന്നതിലാണ് കാര്യം.

സിനിമയിലെ റിയാലിറ്റിയും ഫിക്ഷനും

ഈ സിനിമയിൽ പറയുന്ന കാര്യങ്ങൾ റിയാലിറ്റിയായി കണ്ട് വിശ്വസിക്കാൻ താല്പര്യമുള്ളവർക്ക് വിശ്വസിക്കാം. ഇതിൽ എല്ലാ കഥകളും നടന്നതാണോ എന്ന് ചോദിച്ചാൽ വേണമെങ്കിൽ അതെ എന്ന് തന്നെ പറയാം, എല്ലാം ഫിക്ഷൻ ആണോ എന്ന് ചോദിച്ചാൽ അതെ എന്നും എനിക്ക് പറയാൻ സാധിക്കും. എവിടെയാണോ ഈ സിനിമ എത്തണം എന്ന് ഞങ്ങൾ ആഗ്രഹിച്ചത് അവിടെ തന്നെ എത്തിയെന്നാണ് വിശ്വാസം.
ഒരു മാസ്സ് സിനിമയായി ഒരുക്കാൻ ആഗ്രഹിച്ച സിനിമയല്ല ഇത്. ക്ലാസ്സ് സിനിമയാണെന്ന് പലരും പറയുന്ന കേട്ടു, എന്നാൽ എന്റെ സിനിമ ക്ലാസ്സ് ആണെന്ന് ഞാൻ പറയുന്നതിൽ അർത്ഥമില്ലലോ. കൈയടിച്ചു കൊണ്ട് കാണേണ്ട ഒരു സിനിമയായി അല്ല കുറുപ്പിനെ ഞാൻ കണ്ടിരിക്കുന്നത്.

എന്തുകൊണ്ട് ദുൽഖർ?

റിയൽ ലൈഫ് കഥാപാത്രങ്ങളുമായി സാമ്യമുള്ള താരങ്ങളെ തന്നെയാണ് സിനിമയിൽ പരമാവതി ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ സുകുമാര കുറുപ്പ് എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയനായ താരം ദുൽഖർ എന്ന് തന്നെയാണ് തോന്നിയത്. കൂടാതെ എന്റെ എല്ലാ സിനിമകളും ആദ്യം ചർച്ചചെയ്യുന്ന വളരെ ചുരുക്കം സുഹൃത്തുക്കളിൽ ഒരാളുകൂടിയാണ് ദുൽഖർ അതുകൊണ്ട് തന്നെ 2012 ൽ ഞാൻ ഈ കഥപറയുമ്പോൾ ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും നമ്മൾ ഈ പടം ചെയ്യും എന്ന രീതിയിലാണ് മുന്നോട്ട് പോയിരുന്നത്.

ഷൈൻ ടോം ചാക്കോയുടെ ‘ഭാസി പിള്ള’

ഈ കഥാപാത്രത്തിനായുള്ള ആദ്യ ഓപ്ഷൻ ഷൈൻ ടോം ചാക്കോ എന്ന നടൻ തന്നെയായിരുന്നു. ഒരുപാട് പെർഫോം ചെയ്യാൻ സാധ്യതകളുള്ള ഒരു വേഷം തന്നെയാണ്. മുൻപ് മലയാള സിനിമയിൽ ഉണ്ടായിരുന്ന ഒടുവിൽ ഉണ്ണികൃഷ്‌ണൻ, നെടുമുടി വേണു എന്നിങ്ങനെയുള്ള ഒരു ക്ലാസ്സ് നടന്മാരുടെ കൂടെ കൂറ്റൻ പറ്റിയ നടൻ തന്നെയാണ് ഷൈൻ ടോം ചാക്കോ. ഒരു താരത്തിന് അപ്പുറം ഒരു മികച്ച നടനെന്ന രീതിയിൽ എല്ലാവർക്കും ഇഷ്ട്ടമുള്ള വ്യക്തി തന്നെയാണ് ഷൈൻ ടോം ചാക്കോ.

ബംഗ്ലാൻ എന്ന ആർട്ട് ഡയറക്ടർ

ബംഗ്ളാൻ ഒരു പുലിയാന്നെന്ന് വിചാരിക്കുക, അദ്ദേഹത്തോട് നമ്മൾ ഈ കഥപറഞ്ഞപ്പോൾ ബംഗ്ലാൻ പറഞ്ഞത് ഇങ്ങനെയാണ് ‘ നാട്ടിൻ പുറത്തെ ഒരു പയ്യൻ നാട്ടിൽ ഇരുന്നുകൊണ്ട് സ്വപ്നം കാണുകയാണ് പല സ്ഥലങ്ങളിലും പല രാജ്യങ്ങളിലും പോകുന്നതായിട്ട്. ഈ സ്വപ്നമാണ് അയാളുടെ കാഴ്ചകളിൽ അയാൾ ക്രിയേറ്റ് ചെയ്യുന്നത്.’ ഈ സിനിമയിൽ ഒന്നും സെറ്റ് അല്ല എല്ലാ യഥാർത്ഥ ലൊക്കേഷനുകളിൽ പോയിട്ട് അവിടെയുള്ള ക്രമീകരണങ്ങൾ മാത്രമാണ് ഞങ്ങൾ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഇത്ര രസകരമായിട്ട് നമുക്ക് ഈ സിനിമ ചിത്രീകരിക്കാൻ സാധിച്ചത്. ഇതിനൊപ്പം സപ്പോർട്ട് ചെയ്യാൻ പ്രവീൺ വർമ്മ എന്ന കോസ്റ്റുമറുടെ വർക്കും, ക്യാമറാമാൻ നിമിഷിന്റെ ഛായാഗ്രഹണവും വളരെ സഹായകമായി.

അലക്സാണ്ടറും കുറുപ്പിന്റെ രണ്ടാം ഭാഗവും

എന്നെ സംബന്ധിച്ചെടുത്തോളം എന്റെ സിനിമ അവസാനിക്കുന്നത് ഡിറക്റ്റേഴ്സ് കാർഡിൽ ആണ്. അലക്സാണ്ടർ എന്ന സിനിമയുടെ തുടക്കമാണ് കുറുപ്പിന്റെ അവസാനം. പക്ഷെ അതിൽ എന്റെ പേര് പോലും ഞാൻ എഴുതിയിട്ടില്ല ആരാണ് ഈ സിനിമ സംവിധാനം ചെയ്യേണ്ടതെന്ന് ഞാൻ പോലും തീരുമാനിച്ചിട്ടില്ല. ഇത്തരമൊരു സിനിമക്കുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് ഇങ്ങനെ ചെയ്തതും. ഉടനെ ഉണ്ടാകില്ലെന്ന് മാത്രം. എന്നാൽ അടുത്ത ചിത്രം അതാകുമെന്ന് ഒരു ഉറപ്പുമില്ല, ഒരുപക്ഷെ ഒരു താര നിരയുമില്ലാത്ത ഒരു ചെറിയ സിനിമയായിരിക്കും ഞാൻ ചെയ്യാൻ പോകുന്നത്, അത് എന്റെ സ്വാതന്ത്ര്യമാണ്.

ഞാൻ ഇപ്പോൾ എന്റെ ബാഗ് പാക്ക് ചെയ്ത് അടുത്ത യാത്രക്ക് പോവുകയാണ്. കുറുപ്പിന്റെ വിജയാഘോഷങ്ങൾ പ്രേക്ഷകർക്കുള്ളതാണ്. ഈ ആഘോഷളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളല്ല.

അലക്സാണ്ടറും സാമ്രാജ്യത്തിലെ മമ്മൂട്ടി കഥാപാത്രവും

അവിചാരിതമായി വന്ന പേരല്ല ഈ അലക്സാണ്ടർ. ഞങ്ങളുടെ അന്വേക്ഷണത്തിൽ സുകുമാര കുറുപ്പിന്റെ ഒരു കള്ള പാസ്സ്പോർട്ടിൽ കണ്ട പേരാണ് ഇത്. പക്ഷെ സിനിമയിൽ ഞങ്ങൾ അങ്ങനെയല്ല പറഞ്ഞിട്ടുള്ളത്. സാമ്രാജ്യത്തിലെ മമ്മൂക്ക കഥാപാത്രത്തിന്റ റെഫറൻസ് അല്ല ഈ അലക്സാണ്ടർ. സിനിമക്ക് വേണ്ടിയുള്ള പല യാത്രകളിലും ഞങ്ങൾ കണ്ടത്തിയ എന്നാൽ പലർക്കും അറിയാത്ത ചില കാര്യങ്ങളാണ് ഈ സിനിമയിൽ ഉള്ളത്. അത് സത്യമാണെന്ന് ഞങ്ങൾ ഒരിക്കലും വിധിയെഴുതുന്നില്ല, പക്ഷെ ഒരുപാട് സത്യങ്ങൾ സിനിമയിൽ ഉണ്ട് എന്നതാണ് വാസ്തവം.