Cinemapranthan

Minnal Murali: രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തി ബേസിൽ ജോസഫ്

തിയേറ്റര്‍ റിലീസായിട്ടാണ് ഒന്നാം ഭാഗം ചിത്രീകരിച്ചത്. എന്നാല്‍ സഹചര്യം കൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് പോലത്തെ ഒരു പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറുന്നത്.

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ ഈ മാസം 24ന് നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തുകയാണ്. അരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ തിയേറ്റർ കാഴ്ച നഷ്ട്ടമായതിന്റെ സങ്കടത്തിലാണ് സിനിമ പ്രേമികൾ. ഇപ്പോഴിത സിനിമയുടെ വിശേഷം പങ്കുവെയ്ക്കുകയാണ് ബേസിലും ടൊവിനോ തോമസും. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഇപ്പോഴിത അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകൾ സംവിധായകൻ നൽകിയത്.

” മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് 24ാം തീയതിയ്ക്ക് ശേഷം മാത്രമേ നമുക്ക് എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ. രണ്ടാം ഭാഗം ഇറക്കണമെന്നും വലിയ രീതിയില്‍ തിയേറ്ററിലേയ്ക്ക് എത്തിക്കണമെന്നും നമുക്ക് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്.

Minnal Murali New Still

തിയേറ്റര്‍ റിലീസായിട്ടാണ് ഒന്നാം ഭാഗം ചിത്രീകരിച്ചത്. എന്നാല്‍ സഹചര്യം കൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് പോലത്തെ ഒരു പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറുന്നത്. എന്നാല്‍ മറ്റൊരു വശം ആലോചിക്കുകയാണെങ്കില്‍ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമാണ്. 200 ഓളം രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്യുന്നുണ്ട്. എല്ലാ രാജ്യത്ത് ഇരിക്കുന്ന മലയാളികള്‍ അല്ലാത്തവര്‍ക്കും ഈ സിനിമ കാണാന്‍ സാധിക്കും. ഇതൊക്കെ വലിയ സന്തോഷം തരുന്ന കാര്യമാണെന്നും രണ്ടാം ഭാഗത്തിന്റെ ആഗ്രഹം പങ്കുവെച്ച് കൊണ്ട് ബേസില്‍ പറയുന്നു.

കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ സാധാരണ ജീവിതം നയിച്ചുവരുന്ന മുരളി എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അസ്വാഭാവികതകളിലൂന്നിയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്. ഒരിക്കല്‍ ഇടിമിന്നല്‍ ഏശുന്ന മുരളിക്ക് ചില അതീന്ദ്രീയ ശക്തികള്‍ ലഭിച്ച് ‘മിന്നല്‍ മുരളി’യായി മാറുകയാണ്. ടൊവീനോ തോമസ് ആണ് മുരളിയെ അവതരിപ്പിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് രചന. ഛായാഗ്രഹണം സമീര്‍ താഹിര്‍. സംഗീതം ഷാന്‍ റഹ്മാന്‍. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.

Minnal Murali New Poster

അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയമായ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ ചിത്രം നാളെ പ്രദർശിപ്പിക്കുന്നുണ്ട്. മുംബൈയില്‍ വെച്ചാണ് മേള നടക്കുന്നത്. നടി പ്രിയങ്ക ചോപ്രയാണ് മാമി ഫിലിം ഫെസ്റ്റിവലിന്റെ പുതിയ ചെയര്‍പേഴ്‌സണ്‍.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ‘ഗോദ’ എന്ന വിജയചിത്രത്തിനു ശേഷം ടൊവീനോയും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്‍തിരിക്കുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്.

cinema pranthan