Cinemapranthan

‘മനികെ മാഗേ ഹിതേ’യ്ക്ക് ശേഷം ‘മൂവിങ് ഓൺ’; വീണ്ടും ഹിറ്റുമായി യോഹാനി

‘മൂവിങ്ങ് ഓൺ’ എന്ന പുതിയ ഗാനമാണ് വീണ്ടും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്

‘മനികെ മാഗേ ഹിതേ’ എന്ന ഒറ്റ ഗാനത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച് ആഗോള തലത്തിൽ ശ്രദ്ധ നേടിയ ശ്രീലങ്കൻ ഗായിക ആണ് യോഹാനി ഡിലോക. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ‘മനികെ മാഗേ ഹിതേ’ എല്ലാ സംഗീത പ്രേമികളും ഏറ്റെടുത്തതോടെ സിംഹള ഭാഷയെ കൂടി അടുത്തറിയാൻ തുടങ്ങുകയായിരുന്നു ലോകം.

യോഹാനിയിലൂടെ സിംഹള ഭാഷയിലെ ഗാനങ്ങൾക്ക് ആരാധകരും കൂടി പ്രത്യേകിച്ച് യോഹാനിയുടെ ശബ്ദത്തിനും. ഇപ്പോഴിതാ ‘മനികെ മാഗേ ഹിതേ’ എന്ന ഹിറ്റ് ഗാനത്തിന് ശേഷം വീണ്ടുമൊരു തരംഗമുണ്ടാക്കിയിരിക്കുകയാണ് യോഹാനി തന്റെ പുതിയ ഗാനത്തിലൂടെ. ‘മൂവിങ്ങ് ഓൺ’ എന്ന യോഹാനിയുടെ പുതിയ ഗാനമാണ് വീണ്ടും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്.

ഇംഗ്ലീഷിൽ ഒരുക്കിയിരിക്കുന്ന ‘മൂവിങ്ങ് ഓൺ’ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 20 ലക്ഷം ആരാധകരെയാണ് റിലീസായി ഒരു മാസത്തിനുള്ളിൽ ഗാനം നേടിയിരിക്കുന്നത്. യോഹാനി തന്നെയാണ് ‘മൂവിങ്ങ് ഓൺ’ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മേയ് 22ന് ആണ് ‘മനികെ മാഗേ ഹിതേ’ റിലീസാകുന്നത്. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ഗാനങ്ങളിൽ ഒന്നാമതെത്തിയ ഗാനം പെട്ടന്ന് തന്നെ വൈറലാവുകയായിരുന്നു. ഇതോടെ സിംഹള ഭാഷയിലെ ഈ ഗാനം ഭാഷ അതിർത്തികൾ ഭേദിച്ച് ഒരു പോലെ ഏറ്റെടുക്കപ്പെടുകയായിരുന്നു. 9 കോടി ആൾക്കാരാണ് സമൂഹമാധ്യമങ്ങളിൽ ‘മനികെ മാഗേ ഹിതേ’ എന്ന പ്രണയ ഗാനം കണ്ടത്.

സിംഹള ഭാഷയിൽ തന്നെയുള്ള ഈ ഗാനം 2020ൽ സതീശൻ രത്നായക ആണ് പാടിയത്. ഈ ഗാനം വീണ്ടും യോഹാനി പാടി പുറത്തിറക്കുകയായിരുന്നു. തമിഴ്, ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ യോഹാനി ഈ ഗാനം പാടി. അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ള നിരവധി ബോളിവുഡ് താരങ്ങൾ മുതൽ ലോകെമെമ്പാടുമുള്ള പ്രമുഖർ ഗാനം ഏറ്റെടുത്തതിൽ ഉൾപ്പെടുന്നു.

‘ദേവിയാങ്കേ ബാരെ’ എന്ന റാപ് ഗാനത്തിലൂടെയാണ് യോഹാനി ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ഈ ഗാനം ഹിറ്റായതോടെ ശ്രീലങ്കയിലെ ‘റാപ്പ് രാജകുമാരി’ എന്ന പേരും യോഹാനിക്ക് ലഭിച്ചു. ‘മനികെ മാഗേ ഹിതേ’യിലൂടെ യുട്യൂബിൽ 3.5 കോടി വരിക്കാരെ നേടുന്ന ആദ്യ ശ്രീലങ്കൻ വനിതാ ഗായിക എന്ന റെക്കോർഡും യോഹാനിക്കാണ്. രണ്ടു മാസം മുൻപ് റിലീസ് ചെയ്ത ‘ഇതിൻ ആദരേ’ എന്ന സിംഹള പ്രണയഗാനവും സൂപ്പർ ഹിറ്റായിരുന്നു. ഇതിനു ശേഷമാണ് ‘മൂവിങ് ഓൺ’ എന്ന ഗാനം ഒരുക്കുന്നത്.

cinema pranthan