Cinemapranthan

പെൺ ശരീരം കാണുമ്പോൾ തോന്നുന്ന അസഹിഷ്‌ണുത ഒരു തരം ലൈംഗിക ദാരിദ്ര്യമാണ്

സോഷ്യൽ മീഡിയയിൽ ആരുടെ തുണിയുടെ നീളം കുറയുന്നു എന്ന് നോക്കിയിരിക്കുന്ന സദാചാര ആങ്ങളമാർ

എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ അസ്വസ്ഥരാകുന്നത്? ഞങ്ങൾക്ക് ഇല്ലാത്ത എന്ത് വികാരമാണ് നിങ്ങൾക്ക് ഞങ്ങളുടെ കാലുകൾ കാണുമ്പോൾ ഉണ്ടാവുന്നത്? നിങ്ങൾക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഞങ്ങളുടെ കാലുകൾക്ക് ഉള്ളത്? എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.


പുരുഷന്മാർ അല്പവസ്ത്രധാരിയായി നിന്നാൽ സെക്സ് അപ്പീൽ, ഹോട്ട്..! സ്ത്രീകൾ ഇറക്കം കുറഞ്ഞതോ ശരീരത്തോട് ചേർന്ന് കിടക്കുന്നതോ ആയ വസ്ത്രങ്ങൾ ധരിച്ചാൽ പോക്ക് കേസ്, വെടി തുടങ്ങിയ അലങ്കാരങ്ങൾ. പെൺ ശരീരം കാണുമ്പോൾ തോന്നുന്ന ഈ അസഹിഷ്ണുത ഒരു തരം ലൈംഗിക ദാരിദ്ര്യം ആണെന്നെ പറയാൻ കഴിയൂ.! വസ്ത്രത്തിന്റെ അളവെടുക്കാൻ ഇരിക്കുന്ന, സ്ത്രീകളെ നേർവഴിക്ക് നയിക്കാൻ ത്വര കാണിക്കുന്ന സൈബർ ആങ്ങളമാർ സ്വയം ഒരു ആത്മപരിശോധനക്ക് ഇനിയെങ്കിലും മുതിരേണ്ടതാണ്. സോഷ്യൽ മീഡിയയിലെ സ്ത്രീകൾ ഇടുന്ന വസ്ത്രങ്ങളുടെ ഏറ്റക്കുറച്ചിൽ ഞരമ്പിനെ ചൂട് പിടിപ്പിക്കുകയും, അതിൽ നിന്നുണ്ടാകുന്ന ഈ ആത്മരോഷവും സത്യത്തിൽ നിങ്ങളുടെ മാനസിക നിലയെ കാര്യമായി ബാധിക്കുന്ന എന്തോ ഒന്ന് നിങ്ങൾക്കുണ്ട് എന്ന സൂചനയാണ്. അതിനു സ്ത്രീകൾ ഉത്തരവാദികൾ അല്ല. പകരം നിങ്ങൾ ഒരു നല്ല ചികിത്സക്കാണ് മുതിരേണ്ടത്. അല്ലാതെ നിങ്ങളുടെ സദാചാര രോഗത്തിന് വേണ്ടി പെൺകുട്ടികൾക്ക് ശരീരം അടിമുടി മറച്ചു വീടിനകത്ത് അടച്ചിരിക്കാൻ പറ്റില്ല.

പതിനെട്ട് വയസ്സിലേക്കെത്തിയ, കുട്ടിത്തം മാറാത്ത, നമ്മുടെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ കാണുന്ന ഒരു താരമാണ് അനശ്വര രാജൻ. കാലുകൾ കാണുന്ന ഷോർട്സ് ഇട്ട ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് അനശ്വര നേരിട്ടത്. അശ്‌ളീല കമന്റുകൾ ഇട്ടു മാനസികമായി തകർക്കാം എന്ന് കരുതിയ ‘ആങ്ങളമാർക്ക്’ പക്ഷേ തെറ്റി പോയി!. നല്ല ചുട്ട മറുപടി കൊടുത്തു കൊണ്ട് അനശ്വര തന്റെ പക്വത തെളിയിച്ചു.

“ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ.” എന്ന് പറഞ്ഞു കൊണ്ട് വിമർശനങ്ങൾക്കിടയാക്കിയ അതേ വേഷം അണിഞ്ഞ ചിത്രം പങ്കു വെച്ചാണ് അനശ്വര മറുപടി നൽകിയത്. ഒപ്പം അനശ്വരക്കു പിന്തുണ നൽകി തങ്ങളുടെ കാലുകൾ കാണുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് മലയാള സിനിമയിലെ പെൺകുട്ടികൾ രംഗത്ത് വന്നത്. എന്നാൽ അവരുടെ ചിത്രങ്ങൾക്കും അത്ര സഭ്യമല്ലാത്ത കമന്റുകൾ വന്നു.

“അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട്” എന്നാണ് സ്വിം സ്യൂട്ട് ധരിച്ച ചിത്രം പങ്കുവച്ച് നടി റിമ കല്ലിങ്കൽ കുറിച്ചത്. അതിന് പിന്നാലെ പിന്തുണയുമായി അഹാന കൃഷ്ണകുമാർ, അനാർക്കലി മരിക്കാർ, അഭയ ഹിരണ്മയി, കനി കുസൃതി, ​ഗായിക ​ഗൗരി ലക്ഷ്മി, അനുപമ പരമേശ്വരൻ, ​ഗ്രേസ് ആന്റണി, നിമിഷ സജയൻ തുടങ്ങിയവരും രംഗത്തെത്തി.

അശ്‌ളീല ചുവയുള്ള കമന്റുകളാണ് അനശ്വരക്ക് വന്നതിലധികവും. സൈബർ ആങ്ങളമാർക്കൊപ്പം ചുരുക്കം ചില സ്ത്രീകളും ഇതിനൊപ്പം ചേരുന്നു എന്നതാണ് മറ്റൊരു അതിശയം. മറ്റുള്ളവരുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ ഇത്തരം കമന്റുകൾ പറഞ്ഞു സ്വയം തരം താഴുന്നതിൽ പക്ഷേ സംസ്കാരവും, സദാചാരവുമൊന്നും ബാധിക്കില്ലേ എന്ന ചോദ്യം നമ്മൾ ചിന്തിക്കരുത്!! കാരണം പുരുഷന്മാർക്കല്ലല്ലോ സദാചാരം, അത് സ്ത്രീകളുടെ വസ്ത്രധാരണത്തിലും,സ്വാതന്ത്ര്യത്തിലുമൊക്കെയാണല്ലോ!! അപ്പോൾ പിന്നെ അവർക്ക് എന്തും പറയാം ആവാം!

വസ്ത്രധാരണത്തിൽ മാത്രമല്ല കപട സദാചാരം. പല സൈബർ ആങ്ങളമാർക്കും രാത്രി 10 മണിക്ക് ശേഷം പെൺകുട്ടികൾ ഓൺലൈൻ കണ്ടാൽ ചോര തിളക്കും! രാത്രിയിൽ ഓൺലൈൻ കാണുന്ന പെൺകുട്ടികൾ എന്തിനും തയ്യാറായി ഇരിക്കുന്നവർ ആണെന്ന ഒരു പൊതുധാരണ വെച്ചു പുലർത്തുന്നുണ്ട് ഇക്കൂട്ടർ. സോഷ്യൽ മീഡിയയിൽ കരുതലിന്റെയും സദാചാര മൂല്യത്തിന്റെയും വില പറഞ്ഞ് തരാൻ വരുന്ന ഇവർക്ക് സ്വന്തം വീട്ടുകാർക്ക് പോലും ഇല്ലാത്ത ആവലാതിയാണ്!

സൈബർ ആങ്ങളമാരുടെ സദാചാര ആക്രമണത്തിന് പാത്രമാകുന്നത് സെലിബ്രിറ്റികൾ മാത്രമല്ല എല്ലാ പെൺകുട്ടികളും ഈ അവസ്ഥകൾ നേരിടുന്നുണ്ട്. നമ്മൾ അറിയുന്നില്ല എന്ന് മാത്രം. കേരളത്തിന്റെ സംസ്കാരം പെൺകുട്ടികളുടെ വസ്ത്രധാരണത്തിലാണ് എന്ന പൊതു ബോധം എന്നോ ഈ സമൂഹത്തിൽ മുളച്ചു വന്നൊരു വിഷ ചെടിയാണ്. അതിങ്ങനെ പടർന്നു പന്തലിക്കാൻ നോക്കുന്നെങ്കിലും അധികം ആയുസ്സ് ഉണ്ടാവില്ല. കാരണം അനശ്വരയെ പോലെ പ്രതികരണ ശേഷിയുള്ള, ഉയർന്ന ചിന്താഗതിയുള്ള ഒരു തലമുറ വളർന്നു വരുന്നുണ്ട്.

സ്വന്തം ചിലവിൽ ഒരു ചിത്രം എടുക്കുകയും അത് പോസ്റ്റ് ചെയ്യുകയും വേണമെങ്കിൽ, സോഷ്യൽ മീഡിയയിൽ ആരുടെ തുണിയുടെ നീളം കുറയുന്നു എന്ന് നോക്കിയിരിക്കുന്ന സദാചാര ആങ്ങളമാരുടെ അനുവാദം വാങ്ങുകയും അവരുടെ മനസിനെ തൃപ്തിപ്പെടുത്തുകയും ചെയ്യണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല. കാരണം നിങ്ങളുടെ കൈയ്യിൽ അല്ല സ്ത്രീകളുടെ വ്യക്തിത്വവും, സ്വാതന്ത്ര്യവും, മാനാഭിമാനവും ഇരിക്കുന്നത്. അത് ഓരോ സ്ത്രീകളുടെയും സ്വകാര്യതയാണ്. അതിലേക്ക് തലയിടുന്നവരോട്…, “ലേശം ഉളുപ്പ്”????

Mini Venu

Freelance Journalist