Cinemapranthan

വിനായകനെ കണ്ട സന്തോഷത്തിൽ ഓടിച്ചെന്നു; ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല: ജോജു ജോർജ്

താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കൊച്ചി കോര്‍പറേഷനില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്ന്റെ വിജയാഘോഷത്തിൽ നടന്‍ വിനായകനൊപ്പം താൻ പങ്കെടുത്തെന്ന വാർത്തകൾ തെറ്റെന്ന് നടൻ ജോജു ജോർജ്. ഇങ്ങെയൊരു തെരഞ്ഞെടുപ്പ് നടന്ന വിവരം പോലും താൻ അറിഞ്ഞില്ലെന്നും സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ കുറച്ചുനേരം ഇലത്താളം കൊട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

തെറ്റിദ്ധാരണ പടർത്തുന്ന പ്രചരണങ്ങൾ തന്നെ മാനസികമായി തളർത്തുന്ന നിലയിലെത്തിയെന്നും ജോജു കൂട്ടി ചേർത്തു. മനോരമ ഓൺലൈനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഉറ്റചങ്ങാതിയെ പെട്ടെന്നു കണ്ടതിന്റെ സന്തോഷത്തിൽ ഓടിവന്നതാണ്. വിനായകൻ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. തമ്മിൽ കാണുമ്പോൾ ഒച്ചയിട്ടും കൈത്താളമടിച്ചും ആഹ്ലാദം പ്രകടിപ്പിക്കുന്നവരാണ് ഞങ്ങൾ. മാത്രമല്ല ഒരു നടനെന്നതിലുപരി വിനായകനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അയാൾ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്. ഞാനും അങ്ങനെ തന്നെ വന്നൊരാളാണ്.

ആ സൗഹൃദത്തിന്റെ തുടർച്ചയാണ് അവിടെ സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും പാർട്ടിയുടെ ഔദ്യോഗിക സമ്മേളനമല്ല. എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്. ലാൽജോസ് സാറിന്റെ സിനിമയുടെ ഷൂട്ടിനിടെയാണ് ഇത് സംഭവിക്കുന്നത്. രാവിലെ പത്തു മണി മുതൽ ഞാൻ അവിടെ ഷൂട്ടിലുണ്ട്. ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ ആകസ്മികമായി കണ്ടു. ആ സന്തോഷത്തിൽ ഓടിച്ചെന്നു. അവനൊപ്പം ഇലത്താളം വാങ്ങി കൊട്ടി. ഒരു മിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അവിടെ ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല,” ജോജു പറഞ്ഞു

എന്റെ വഴികൾ ഇങ്ങനാണ്. അവിടെ വിനായകൻ എന്നെ സുഹൃത്തിന്റെ സാന്നിധ്യം ഇല്ലാതെയാണ് നിങ്ങൾ എന്നെ കണ്ടിരുന്നതെങ്കിൽ അതിൽ ന്യായമുണ്ട്. പക്ഷേ ഇത് വ്യക്തിഹത്യയാണ്.ജോജു കൂട്ടിച്ചേർത്തു.

കൊച്ചി കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍ 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് ആണിത്. പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജുവിന്‍റെയും വിനായകന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

cp-webdesk