Cinemapranthan

‘ഞാൻ ഇന്ന് ജീവിക്കുന്നതിന് പോലും കാരണം നീയാണ്’: ആരാധ്യയുടെ പത്താം പിറന്നാൾ ആഘോഷമാക്കി ബച്ചൻ കുടുംബം

പതിനാല് ലക്ഷം രൂപയോളമാണ് ഒരു രാത്രി ഇവിടെ താമസിക്കുന്നതിന് നൽകേണ്ടത്.

ബോളിവുഡ് താര ദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയുടെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ആരാധ്യയുടെ പത്താം പിറന്നാൾ ആയിരുന്നു നവംബർ 16ന്. ബച്ചൻ കുടുംബം മാലിദ്വീപിലാണ് പിറന്നാൾ പാർട്ടി ആഘോഷമായി നടത്തിയത്. മനോഹരമായ പിറന്നാൾ ആശംസയാണ് മകൾക്കായി അഭിഷേക് ബച്ചൻ സോഷ്യൽമീഡിയയിൽ എഴുതിയത്.

മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്ക് ഒപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്.
‘ജന്മദിനാശംസകൾ രാജകുമാരി… നിന്റെ അമ്മ പറയുന്നത് പോലെ… നീ ഈ ലോകത്തെ കുറച്ച് കൂടി മികച്ച സ്ഥലമാക്കി. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു… ദൈവം നിന്നെ എപ്പോഴും അനുഗ്രഹിക്കട്ടെ…’ അഭിഷേക് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

‘എന്റെ മാലാഖയ്ക്ക് പത്ത് വയസ്. ഞാൻ ഇന്ന് ജീവിക്കുന്നതിന് പോലും കാരണം നീയാണ്…. എന്റെ പ്രിയ ആരാധ്യ…. നീയാണ് എന്റെ ജീവിതം… എന്റെ ആത്മാവ്… ഞാൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നു…’ ഐശ്വര്യ റായ് കുറിച്ചു.

2007 ഏപ്രിൽ 20ന് ആണ് ഇരുവരും നീണ്ട നാളത്തെ പ്രണയത്തിന് ശേഷം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. ഇരുവരുടേയും വിവാഹത്തിനു ശേഷം നാല് വർഷം കഴിഞ്ഞാണ് മകൾ ആരാധ്യ ജനിക്കുന്നത്. ഒട്ടേറെ ആരാധകരുള്ള കുടുംബമായിരുന്നതിനാൽ തന്നെ വളരെയധികം കരുതലോടെയാണ് ബച്ചൻ കുടുംബം ഐശ്വര്യ റായിയുടെ ​ഗർഭകാലം കൊണ്ടുനടന്നത്. സെലിബ്രിറ്റി കുടുംബമായതിനാൽ തന്നെ വിവാഹം മുതൽ ഓരോ ഘട്ടത്തിൽ വലിയ വാർത്ത പ്രാധാന്യമാണ് ഇരുവർക്കും പലപ്പോഴും ലഭിച്ചിരുന്നത്. ബച്ചൻ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ചേർന്നാണ് മാധ്യമങ്ങളേയും ആരാധകരേയും അന്ന് അറിയിച്ചത്.

മാലിദ്വീപിലാണ് ആരാധ്യയുടെ ജന്മദിന പാർട്ടി ആഘോഷമാക്കിയത്. പാർട്ടിയുടെ വീഡിയോകളും ചിത്രങ്ങളും അന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. അഭിഷേക് നീല ഡെനിം ജീൻസും ബീച്ച് ഷർട്ടുമാണ് ധരിച്ചത്. ഐശ്വര്യ കറുത്ത വസ്ത്രത്തിൽ മനോഹരിയായാണ് എത്തിയത്. ആരാധ്യ പിങ്ക് ഗൗണിൽ രാജകുമാരിയെപ്പോലെയാണ് പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തത്. ഐശ്വര്യയും അഭിഷേകും ആരാധ്യയും മാലിദ്വീപിലെ അമില്ല റിസോർട്ടിലാണ് ആഘോഷങ്ങൾക്കായി താമസിക്കുന്നത്. സ്വകാര്യ പൂളുകളും മനോഹരമായ കാഴ്ചകളുമാണ് ഈ റിസോർട്ടിന്റെ പ്രധാന പ്രത്യേകത. പതിനാല് ലക്ഷം രൂപയോളമാണ് ഒരു രാത്രി ഇവിടെ താമസിക്കുന്നതിന് നൽകേണ്ടത്.

cp-webdesk