Cinemapranthan

11 വർഷങ്ങളായി ഞങ്ങൾ പ്രണയത്തിലാണ്; ‘ഗേ’ ആണെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം കാൾ പെൻ

തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന ‘യു കാന്റ് ബി സീരിയസ്’ എന്ന പുസ്തകത്തിന്റെ പ്രചാരണത്തിനിടെയാണ് ‘ഗേ’ ആണെന്ന് കാള്‍ പെന്‍ തുറന്ന് പറഞ്ഞത്

താൻ ‘ഗേ’ ആണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വംശജനായ ഹോളിവുഡ് താരം കാൾ പെൻ. 11 വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ജോഷ് എന്ന തന്റെ സുഹൃത്തിനെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് കാൾ പെൻ.

തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന ‘യു കാന്റ് ബി സീരിയസ്’ എന്ന പുസ്തകത്തിന്റെ പ്രചാരണത്തിനിടെയാണ് താൻ ‘ഗേ’ ആണെന്ന് കാള്‍ പെന്‍ തുറന്ന് പറഞ്ഞത്. പതിനൊന്ന് വര്‍ഷങ്ങളായി ജോഷുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹിതരായി ജീവിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയിൽ ജനിച്ചു വളർന്ന കാൾ പെനിന്റെ അച്ഛനും അമ്മയും ഗുജറാത്തുകാരായ സുരേഷ് മോദിയും അഷ്മിത ഭട്ടുമാണ്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലായിരുന്നു കാള്‍ പെന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. കാള്‍പെന്‍ സുരേഷ് മോദിയെന്നാണ് യഥാര്‍ഥ പേര്.

1998 ല്‍ പുറത്തിറങ്ങിയ എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് കാൾ പെൻ ആദ്യമായി സിനിമയിലെക്കെത്തുന്നത്. നെയിംസെയ്ക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കാൾ പെനിനെ ജനപ്രിയനാക്കുന്നത് ഹരോള്‍ഡ് കുമാര്‍ സിനിമാ സീരീസാണ്. സിനിമയ്ക്ക് പുറമേ നിരവധി ടെലിവിഷൻ സീരീസുകളിലും കാൾ പെൻ അഭിനയിച്ചിട്ടുണ്ട്.

cinema pranthan