Cinemapranthan

ഐഫോണിൽ ചിത്രീകരിച്ച മഞ്ജുവിന്റെ ‘കയറ്റം’; സംസ്ഥാന അവാർഡ് സ്വന്തമാക്കി ചന്ദ്രു

കയറ്റ’ത്തിലെ കളർ ഗ്രേഡിങ് മികവിന് ലിജു പ്രഭാകറിനും ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

അൻപത്തി ഒന്നാമത് കേരള സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുമ്പോൾ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ചന്ദ്രു സെൽവരാജ് ആണ്. മഞ്ജു വാരിയരെ നായികയാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം സിനിമയിലെ ഛായാഗ്രഹണത്തിനാണ് അവാർഡ് നേട്ടം. ഐഫോൺ 10X ഉപയോഗിച്ച് ഹിമാലയൻ ചാരുത ഒപ്പിയെടുത്ത ചന്ദ്രു തമിഴിലെ പ്രശസ്ത സിനിമോട്ടോഗ്രാഫർ തിരുനാവക്കരശിന്റെ അസിസ്റ്റന്റ് ആയിരുന്നു. അപകടകരമായ ഹിമാലയൻ പർവത പാതകളിൽ ആണ് ‘കയറ്റം’ ഷൂട്ട് ചെയ്തിരിക്കുന്നത്.

ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധിക്കുന്ന ചിത്രത്തിന് മറ്റൊരു അവാർഡ് കൂടി ലഭിച്ചു. ‘കയറ്റ’ത്തിലെ നിറവിന്യാസങ്ങളെ കഥാതന്തുവിൽ സമർത്ഥമായി ലയിപ്പിച്ച കളർ ഗ്രേഡിങ് മികവിന് ലിജു പ്രഭാകറിനും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മായ എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു വിഷയം. പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥപോലെയാണ് കഥപറച്ചിൽ രീതി. കേവലം ഒരു മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് കയറ്റം.

ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പം വേദ്, ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ ചന്ദ്രു സെൽവരാജ്, കളറിസ്റ്റ് ലിജു പ്രഭാകർ, ലൊക്കേഷൻ സൗണ്ട് നിവേദ് മോഹൻദാസ്, കലാസംവിധാനം ദിലീപ്ദാസ് തുടങ്ങിയവർ പ്രവർത്തിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രനും ബിനു ജി. നായരും ആണ്

cp-webdesk