Cinemapranthan

‘ഇന്നു നിങ്ങള്‍ എന്നെ കഴിവില്ലാത്തവന്‍ എന്നു എഴുതിത്തള്ളുമായിരിക്കും, പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും’

ടോവിനോ തോമസിന്റെ പഴയ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധിക്കപെടുകയാണ് ‘മിന്നൽ മുരളി’ എന്ന മലയാള ചിത്രം. ഒപ്പം പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറി ടോവിനോ തോമസും. നെറ്റ്ഫ്ലിക്സ്‌ ഇന്ത്യയുടെ ടോപ് 10 ഒന്നാം സ്ഥാനത്താണ് ‘മിന്നൽ മുരളി’. ‘മിന്നൽ മുരളി’യിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ ടോവിനോ തോമസിന്റെ പഴയ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

2012 ൽ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ടോവിനോ കടന്നു വന്ന നാൾ വഴികൾ ഏറെ കഠിനമായിരുന്നു. ‘മിന്നൽ മുരളി’യിലൂടെ രാജ്യമാകെ അറിയപ്പെടുന്ന താരമായി മാറുന്ന ഈ സാഹചര്യത്തിലാണ് പണ്ട് ടോവിനോ പങ്ക് വെച്ച ഈ പോസ്റ്റ് പ്രസക്തമാകുന്നത്. തന്റെ ലക്ഷ്യത്തിലേക്കും സ്വപ്നത്തിലേക്കും നടന്നടുക്കാൻ താൻ നേരിടേണ്ടി വന്ന വെല്ലുവിളികളും കഠിനാധ്വാനവും എത്ര ആഴത്തിലുള്ളതാണെന്നു ഈ കുറിപ്പിലൂടെ വ്യക്തമാണ്.

“ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.” 2011 ജൂണിൽ ആണ് ടോവിനോ ഈ പോസ്റ്റ് തന്റെ ഫേസ്ബുക് പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

രണ്ടു വർഷം മുൻപും സോഷ്യൽ മീഡിയയിൽ വൈറലായ ഈ പോസ്റ്റ് ഇന്നിപ്പോൾ ‘മിന്നൽ മുരളി’യുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും പ്രസക്തമാവുകയാണ്. തമിഴ് ആരാധകർ അടക്കമുളളവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കുന്ന ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഗപ്പി, ഒരു മെക്സിക്കന്‍ അപാരത, തരംഗം, ഗോദ, മായാനദി, തീവണ്ടി തുടങ്ങിയ ഒരു പിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായി മാറുകയായിരുന്നു. ‘മാരി 2’ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലേക്കും ടോവിനോ വരവറിയിച്ചു. ‘ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസും ബേസില്‍ ജോസഫും ഒന്നിച്ച ചിത്രമാണ് ‘മിന്നൽ മുരളി’. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം രണ്ടാം ഭാഗം ഒരുക്കാൻ തയ്യാറാവുകയാണ് ടൊവിനോയും ബേസിൽ ജോസഫും.

cinema pranthan