Cinemapranthan

‘മിന്നൽ മുരളിക്ക്’ ‘കുറിപ്പിന്റെ’ സമ്മാനം; കോട്ടിട്ട് വന്നു പ്രീമിയറിൽ കരഞ്ഞ ബേസിൽ: വൈറലായി വീഡിയോ

നെറ്റ്ഫ്ലിക്സ് ഒരുക്കിയ പരിപാടിക്ക് പുറപ്പെടുന്നതും അവിടെയെത്തുന്നതുമായ ഒരു വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ടോവിനോ

മലയാള സിനിമ ഇപ്പോൾ അഭിമാനത്തിന്റെ നെറുകയിലാണ്‌. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ടോപ് 10 ൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇപ്പോഴും മിന്നൽ മുരളി. ആഗോള തലത്തിൽ ശ്രദ്ധ നേടി മുന്നേറുന്ന ‘മിന്നൽ മുരളി’ക്ക് മികച്ച പ്രേക്ഷക പ്രതികരണവും വൻ സ്വീകാര്യതയുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ലോക്കൽ സൂപ്പർ ഹീറോയുടെ കഥ പറഞ്ഞ ‘മിന്നൽ മുരളി’ സൂപ്പർ ഹിറ്റായി മാറുകയായിരുന്നു.

‘മിന്നൽ മുരളി’ക്ക് വേണ്ടി വലിയ രീതിയിലുള്ള പ്രമോഷൻ ആണ് നെറ്റ്ഫ്ലിക്സ് ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ആകാശവീലായ ‘ഐൻ ദുബൈ’ൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് സമയത്ത് ദുബായിലായിരുന്നു ടോവിനോയും ബേസിൽ ജോസഫും. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സ് ഒരുക്കിയ പരിപാടിക്ക് പുറപ്പെടുന്നതും അവിടെയെത്തുന്നതുമായ ഒരു വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ടോവിനോ. റിലീസ് ദിവസം ഷൂട്ട് ചെയ്ത് വിഡിയോ ആണ് ഇത്.

പുറപ്പെടുന്നതിനു മുൻപ് മിന്നൽ മുരളിക്ക് കുറുപ്പ് സമ്മാനിച്ച വാച്ച് എന്ന് പറഞ്ഞു കൊണ്ട് വിഡിയോയിൽ ടോവിനോ ഒരു വാച്ച് കാണിക്കുന്നുണ്ട്. ടോവിനോക്ക് ദുൽഖർ സൽമാൻ സമ്മാനിച്ച വാച്ച് അണിഞ്ഞു കൊണ്ടാണ് ടോവിനോ പരിപാടിക്ക് പോകുന്നത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് നല്ല ടെൻഷൻ ഉണ്ടായിരുന്നെന്നും, കോട്ടൊക്കെ ഇട്ടു വന്ന് ബേസിൽ പ്രീമിയറിന്റെ സമയത്ത് സന്തോഷം കൊണ്ട് കരഞ്ഞുവെന്നും ടൊവീനോ പറയുന്നു.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ‘മിന്നൽ മുരളി’ക്കു ഒടിടി’യിലൂടെ റിലീസിനെത്തിയ മറ്റൊരു മലയാള ചിത്രത്തിനും കിട്ടാത്ത ഹൈപ്പായിരുന്നു ലഭിച്ചത്. പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയ ചിത്രത്തിന്റെ വരവേൽപ്പുകൾ പക്ഷേ തെറ്റിയില്ല. മികച്ച പ്രേക്ഷക പ്രതികരണം തന്നെയാണ് ‘മിന്നൽ മുരളി’ നേടിയത്. ടോവിനോക്കൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ച്ച വെച്ച തമിഴ് നടൻ ഗുരു സോമസുന്ദരമാണ് പ്രേക്ഷകരുടെ മനം കവർന്ന മറ്റൊരു പ്രധാന താരം.

‘ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന ‘മിന്നൽ മുരളി’, ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്‌സണ്‍ എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. ടൊവിനോയുടെ കരിയർ ബെസ്റ്റ് ചിത്രമായി മാറിയിരിക്കുകയാണ് ‘മിന്നൽ മുരളി’. ടോവിനോക്കൊപ്പം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഡിസംബർ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസിനെത്തിയ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങിയത്.

cinema pranthan