Cinemapranthan

നവംബർ 25 നു ‘കാവൽ’ തീയേറ്ററുകളിൽ എത്തും; സന്തോഷം പങ്കുവെച്ചു സുരേഷ് ഗോപി; വീഡിയോ കാണാം

ചിത്രം റിലീസിനെത്തുന്ന സന്തോഷം പങ്കുവെയ്ക്കുന്ന ഒരു വീഡിയോ ആണ് താരം പങ്ക് വെച്ചിരിക്കുന്നത്

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനരഹിതമായിരുന്ന സിനിമ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ ആദ്യമായി റിലീസിനെത്തുന്ന സൂപ്പർ താര ചിത്രമാണ് കാവൽ. സുരേഷ്‌ഗോപി കേന്ദ്രകഥാപാത്രമായെത്തുന്ന കാവൽ നവംബർ 25 നായിരിക്കും പ്രേക്ഷകരിലേക്ക് എത്തുന്നത്.
നിഥിൻ രഞ്ജി പണിക്കർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. തിയേറ്ററിൽ ചിത്രം റിലീസിനെത്തുന്ന സന്തോഷം പങ്കുവെയ്ക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.

സുരേഷ് ഗോപിയുടെ വാക്കുകൾ

ഓർമയില്ലേ ഇവിടം. വെളിച്ചവും ഇരുളും വർണ്ണങ്ങളും നിറഞ്ഞ മായക്കാഴ്ചകളുടെ വിരിഞ്ഞ വിസ്തൃതി. മഹാമാരിയുടെ ഇടവേള ജീവിതത്തിലും തിയറ്ററുകളിലും ഇതാ ഇടവേള കഴിയുകയായി. നമ്മൾ ഒരുമിച്ചിരുന്ന് ആസ്വദിച്ച, ആഹ്ലാദിച്ച നിമിഷങ്ങൾ. നമ്മൾ സ്വയം മറന്ന് ആർത്ത് ചിരിച്ച, ആർപ്പ് വിളിച്ച, സ്വയമറിയാതെ നമ്മൾ കണ്ണീരണിഞ്ഞ, നമ്മൾ ഇടിമുഴക്കം പോലെ കരഘോഷം മുഴക്കിയ സിനിമയുടെ മഹോത്സവ ദിനങ്ങൾക്ക് ഇതാ കൊട്ടുംകൊരവയുമായി വീണ്ടും കൊടിയേറ്റം. ഇനി ജീവിതത്തിന്, സിനിമയ്ക്ക് തിരിച്ചുവരവിന്റെ നാളുകൾ. കരുത്തുറ്റിന്റെ വീണ്ടെടുപ്പിന്റെ, കൂടിച്ചേരലുകളുടെ ആഘോഷനാളുകൾ നവംബർ 25 മുതൽ കരുത്തിന്റെ ‘കാവൽ’ ദിനങ്ങൾ.

ഗുഡ്വിൽ എന്റർടെയ്ന്റമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് താരം പഞ്ച് ഡയലോഗുകളും മാസ്സ് സീക്വൻസുമുള്ള പവർ പാക്ക് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു. ബി കെ ബരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ് ചെയ്തിരിക്കുന്നത്

cinema pranthan