Cinemapranthan

കാത്തിരുന്ന ആ വാർത്തയിതാ; ‘സ്ക്വിഡ് ഗെയിം’ രണ്ടാം ഭാഗം ഉറപ്പു നൽകി സംവിധായകൻ

നെറ്റ്ഫ്ളിക്സിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ഷോ

കൊറിയൻ സർവൈവൽ ത്രില്ലർ ആയ ‘സ്ക്വിഡ് ഗെയിം’ ലോകത്താകമാനം ഉണ്ടാക്കിയ തരംഗം ഇതുവരെയും അവസാനിച്ചിട്ടില്ല. ആരാധകർ
ആകാംഷയോടെ കാത്തിരുന്ന വാർത്തയാണ് ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്. നെറ്റ്ഫ്ളിക്സിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ഷോ ആയ ‘സ്ക്വിഡ് ഗെയിം’ സീസൺ 2 എത്തുന്നതിനെക്കുറിച്ച് സ്ഥിരീകരിക്കാത്ത നിരവധി വാർത്തകളാണ് പുറത്തു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ സീരീസിന്റെ രചയിതാവും സംവിധായകനുമായ ഹ്വാങ് ഡോംഗ് ഹ്യുക് ‘സ്ക്വിഡ് ഗെയിം’ രണ്ടാം ഭാഗം എത്തുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്. എപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹ്വാങ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. “ഞങ്ങള്‍ക്ക് മറ്റൊരു സാധ്യതയും മുന്നിലില്ല എന്ന തരത്തിലാണ് കാര്യങ്ങള്‍”, അദ്ദേഹം എപിയോട് പറഞ്ഞു.

“എന്‍റെ തലയ്ക്കകത്താണ് ഇപ്പോള്‍ അത്. എപ്പോഴാണെന്നും എങ്ങനെയാണെന്നുമൊക്കെ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ എനിക്ക് ഇക്കാര്യം ഉറപ്പു നല്‍കാനാവും. ജി ഹുന്‍ (സ്ക്വിഡ് ഗെയിമിലെ കഥാപാത്രം) തിരിച്ചെത്തും. അദ്ദേഹം ലോകത്തിനുവേണ്ടി ചിലത് ചെയ്യും”, ഹ്വാങ് ഡോംഗ് ഹ്യുക് പറയുന്നു.

അതേ സമയം രണ്ടാം ഭാഗത്തിനുവേണ്ടി തങ്ങള്‍ സമ്മര്‍ദ്ദങ്ങളൊന്നും നേരിട്ടില്ലെന്നും, പകരം വലിയ ഡിമാന്‍റും സ്നേഹവുമാണ് ഉണ്ടായതെന്നും ഹ്വാങ് ഡോംഗ് ഹ്യുക് പറഞ്ഞു. സെപ്റ്റംബര്‍ 17നാണ് സ്ക്വിഡ് ഗെയിം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. നെറ്റ്ഫ്ലിക്സ് റിലീസുകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ‘സ്‌ക്വിഡ് ഗെയിമിന്’, നെറ്റ്ഫ്ലിക്സിന്റെ ഒരു സീരീസിനും ഇത് വരെ കിട്ടാത്ത സ്വീകാര്യതയാണ് ലഭിച്ചത്.

456 പേർ പങ്കെടുക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിം. ജീവിതത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് എത്തുന്ന വിവിധ പ്രായത്തിലുള്ളവർ പങ്കെടുക്കുന്ന ഈ ഗെയിം നടക്കുന്നത് സിയോളിൽ ആണ്. വലിയൊരു തുകക്ക് വേണ്ടി കുട്ടികളുടെ ഗെയിമിന്റെ മാതൃകയിൽ ഈ ഗെയിം നടത്തുന്നത്. മരണം ശിക്ഷയായി കൊടുത്തു കൊണ്ട് നടക്കുന്ന ഗെയിമിൽ അവസാനമെത്തുന്ന ആൾ ആയിരിക്കും വിജയത്തുക നേടുന്നത്.

cinema pranthan