Cinemapranthan

111 മില്യണ്‍ കാഴ്ച്ചക്കാരുമായി ‘സ്‌ക്വിഡ് ഗെയിം’; നിരസിക്കപ്പെടലുകളിൽ നിന്നും ഒന്നാം സ്ഥാനത്തേക്ക്; നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വലിയ സീരീസ് ലോഞ്ച്

സർവകാല റെക്കോർഡുകളും തകർത്താണ് ഈ കൊറിയൻ സീരീസ് നെറ്റ്ഫ്ലിക്സിൽ മുന്നേറുന്നത്

ലോക വ്യാപകമായി ശ്രദ്ധ പിടിച്ചു പറ്റിയ സൗത്ത് കൊറിയൻ സര്‍വൈവല്‍ സീരീസാണ് ‘സ്‌ക്വിഡ് ഗെയിം’. നെറ്റ്ഫ്ലിക്സ് റിലീസുകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സീരീസാണ് ‘സ്‌ക്വിഡ് ഗെയിം’. നെറ്റ്ഫ്ലിക്സിന്റെ ഒരു സീരീസിനും കിട്ടാത്ത സ്വീകാര്യതയാണ് സ്‌ക്വിഡ് ഗെയിമിന്‌ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ തന്നെ 111 മില്യണ്‍ വ്യൂസാണ് സ്‌ക്വിഡ് ഗെയിമിന്‌ ഉള്ളത്. നെറ്റ്ഫ്ലിക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സർവകാല റെക്കോർഡുകളും തകർത്താണ് ഈ കൊറിയൻ സീരീസ് നെറ്റ്ഫ്ലിക്സിൽ മുന്നേറുന്നത്.

”സ്‌ക്വിഡ് ഗെയിം 111 മില്യണ്‍ കാഴ്ച്ചക്കാരിലേക്ക് എത്തിയിരിക്കുകയാണ്. ഞങ്ങളുടെ ഏറ്റവും വലിയ സീരീസ് ലോഞ്ച്” എന്നാണ് നെറ്റ്ഫ്‌ലിക്‌സ് ട്വീറ്റ് ചെയ്തത്. 2020ല്‍ പുറത്തിറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് സീരീസായ ‘ബ്രിജിട്ടണിന്റെ’ റെക്കോടാണ് സ്‌ക്വിഡ് ഗെയിം മറികടന്നിരിക്കുന്നത്. 82 മില്യണ്‍ കാഴ്ചക്കാരുമായി നെറ്റ്ഫ്ലിക്സിൽ ഏറ്റവും മുൻപിൽ നിന്നിരുന്ന സീരീസായിരുന്നു ‘ബ്രിജിട്ടണ്‍’. ഈ റെക്കോർഡാണ് ഒരു മാസം കൊണ്ട് ‘സ്‌ക്വിഡ് ഗെയിം’ തകർത്തിരിക്കുന്നത്.

സ്ട്രീമിംഗ് തുടങ്ങിയത് മുതല്‍ 90 രാജ്യങ്ങളില്‍ ടോപ് വണ്‍ സ്ഥാനത്ത് തുടരുകയാണ് സ്‌ക്വിഡ് ഗെയിം. 31 ഭാഷകളില്‍ സബ് ടൈറ്റിലും 13 ഡബ്ബിംഗ് പതിപ്പുകളുമാണ് സ്ക്വിഡ് ഗെയിമിനുള്ളത്. സെപ്തംബര്‍ 17നാണ് സ്‌ക്വിഡ് ഗെയിം ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. ഹ്വാങ്ങ് ഡോങ്ങ് ഹ്യുകാണ് സീരീസിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

456 പേർ പങ്കെടുക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിം. ജീവിതത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് എത്തുന്ന വിവിധ പ്രായത്തിലുള്ളവർ പങ്കെടുക്കുന്ന ഈ ഗെയിം നടക്കുന്നത് സിയോളിൽ ആണ്. വലിയൊരു തുകക്ക് വേണ്ടി കുട്ടികളുടെ ഗെയിം ആണ് നടത്തുന്നത്. മരണം ശിക്ഷയായി കൊടുത്തു കൊണ്ട് നടക്കുന്ന ഈ ഗെയിമിൽ അവസാനമെത്തുന്ന ആൾ ആയിരിക്കും വിജയത്തുക നേടുന്നത്.

നിരവധി സ്റ്റുഡിയോകള്‍ നിരസിച്ച പ്രൊജക്ടായിരുന്നു സ്‌ക്വിഡ് ഗെയിം. 2008 ൽ ഹ്വാങ്ങ് ഡോങ്ങ് ഹ്യുക് ഇത് എഴുതിയിരുന്നെങ്കിലും 2019 ൽ ആണ് നെറ്റ്ഫ്ലിക്സ് ഇത് ഏറ്റെടുക്കുന്നത്. അത് വരെ സ്ക്വിഡ് ഗെയിം എടുക്കാൻ ആരും തയ്യാറായിരുന്നില്ല. മണിഹീസ്റ്റ് പോലെ തുടക്കത്തിൽ നേരിട്ട കയ്‌പേറിയ അനുഭവത്തിൽ നിന്നാണ് സ്ക്വിഡ് ഗെയിമും വിജയത്തിലേക്ക് എത്തുന്നത്.

സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് താൻ സ്ക്രിപ്റ്റ് എഴുതിയിരുന്ന ലാപ് ടോപ് ഹ്വാംഗ് ഡോങ് ഹ്യൂകിന് വില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. പ്രതീക്ഷകൾ അവസാനിക്കുമെന്ന് തോന്നിയിടത്തും നിന്ന് ഇന്ന് ലോകത്തകമാനം ആരാധകരെ നേടി ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുകയാണ് ‘സ്ക്വിഡ് ഗെയിം’. ഒൻപത് എപ്പിസോഡുകളാണ് ആദ്യ സീസണിൽ ഉള്ളത്.

സ്ക്വിഡ് ഗെയിമിൽ അലി അബ്ദുൽ എന്ന പാകിസ്ഥാൻ സ്വദേശിയായി എത്തുന്നത് ഇന്ത്യക്കാരനായ അനുപം ത്രിപാഠിയാണ്. കൊറിയൻ താരങ്ങൾക്കൊപ്പം ആദ്യാവസാനം വരെ പൊരുതി നിൽക്കുന്ന അനുപം ഇന്ത്യൻ ആരാധകർക്കും അഭിമാനമാവുകയാണ്.

cp-webdesk