Cinemapranthan

ഇനി അന്ത്യവിശ്രമം; റിസബാവ ഓർമ്മകളിൽ ജീവിക്കും; ഔദ്യോഗിക ബഹുമതികളോടെ കബറടക്കം

രാവിലെ 10:30 ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ മൃതദേഹം സംസ്‌കരിച്ചു

റിസബാവ ഇനി ഓർമ്മകളിൽ ജീവിക്കും. വിട നൽകി കേരളം. രാവിലെ 10:30 ന് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങ്. കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ ആണ് റിസബാവക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കൊച്ചി കളക്ടർ അന്തിമോപചാരം അർപ്പിച്ചു. റിസബാവയുടെ കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് പൊതുദർശനം ഒഴിവാക്കിയിരുന്നു. ഇന്ന് രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയത്.

ദീർഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കുകയായിരുന്നു. പെട്ടന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ റിസബാവ 1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആദ്യം ക്യാമറയ്ക്കു മുന്നിലെത്തിയത്. ചിത്രം റിലീസായില്ലെങ്കിലും 1990-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഡോ.പശുപതി’ എന്ന സിനിമയിൽ നായകനായിട്ടായിരുന്നു മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ അതേ വർഷം പുറത്തിറങ്ങിയ സിദ്ധിഖ്-ലാലിന്‍റെ ‘ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിലെ ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രത്തോടെ റിസബാവ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

മലയാള സിനിമയിൽ എണ്ണമറ്റ വില്ലൻ വേഷങ്ങൾ റിസബാവ കാഴ്ച്ചവെച്ചു. വില്ലൻ വേഷങ്ങൾക്ക് പുറമെ സ്വഭാവ നടനായും ക്യാമറയ്ക്ക് മുന്നിലെത്തി. സിനിമയ്ക്ക് പുറമെ മലയാള സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ റിസബാവക്ക് സാധിച്ചു. അഭിനയത്തിന് പുറമെ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു റിസബാവ.

ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, ചമ്പക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാന്‍, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരിസുപ്ത, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, എഴുപുന്ന തരകന്‍, ‘ക്രൈം ഫയല്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കവര്‍ സ്‌റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി, തുടങ്ങി മലയാളത്തില്‍ ഇതുവരെ 150 ഓളം ചിത്രങ്ങളിലും ഇരുപതിലധികം സീരിയലുകളിലും അഭിനയിച്ചു.

1966 സെപ്റ്റംബർ 24 ന് കൊച്ചിയിലാണ് റിസ ബാവയുടെ ജനനം. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലാണ് താമസിച്ചിരുന്നത്. പരേതരായ കെ.ഇ.മുഹമ്മദ് ഇസ്മായിൽ, സൈനബ ഇസ്മായിൽ എന്നിവരാണ് മാതാപിതാക്കൾ. ജമീല ബീവിയാണ് ഭാര്യ. മകൾ: ഫിറൂസ സഹൽ, മരുമകൻ: സഹൽ.

cp-webdesk