Cinemapranthan

തിയറ്ററുകൾ ആവേശത്തിലാക്കാൻ ഒരുങ്ങി നാളെ നാല് ചിത്രങ്ങൾ; ‘ചുരുളി’ ഒടിടി’യിൽ

‘എല്ലാം ശരിയാകും’, ‘ജാൻ എ മൻ’, ‘ആഹാ’ എന്നിവയാണ് നാളെ പ്രദർശനത്തിനെത്തുന്നത്

കോവിഡ്കാല പ്രതിസന്ധിയിൽ നിന്ന് പതിയെ നടു നിവർന്ന് വരികയാണ് ജനജീവിതം. എല്ലാ മേഖലകളിലും എന്ന പോലെ സിനിമയും കോവിഡിൽ ആടിയുലഞ്ഞു തകർന്നിരുന്നു. എന്നാൽ സിനിമ ജീവവായു ആയി കാണുന്ന ഒരുപിടി മനുഷ്യർക്കും സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന അനേകം ആൾക്കാർക്ക് ആശ്വാസവും ആയി തിയറ്ററുകൾ തുറന്നിരിക്കുന്നു.

സിനിമാ തിയറ്ററുകൾക്ക് ആവേശവും ഉണർവ്വും നൽകി എത്തിയ ചിത്രമായിരുന്നു ദുൽഖർ സൽമാന്റെ ‘കുറുപ്പ്’. തിയറ്റർ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾക്കും, സിനിമ മേഖലക്കും മൊത്തം പ്രതീക്ഷ നൽകി ‘കുറുപ്പ്’ അൻപത് കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും ചെയ്തു.

സജീവമായി കൊണ്ടിരിക്കുന്ന തിയറ്ററുകളിൽ പതിയെ, പഴയ ആവേശം ഒട്ടും ചോരാതെ തന്നെ സിനിമകൾ എത്തുകയാണ്. ഏറെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഉണ്ട്. അതിൽ നാല് ചിത്രങ്ങൾ നാളെ തിയറ്ററുകളിൽ എത്തുകയാണ്. ആസിഫ് അലി, രജിഷ വിജയന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘എല്ലാം ശരിയാകും’, കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമായ ‘ജാൻ എ മൻ’, ഇന്‍ന്ദ്രജിത്ത് നായകനായി എത്തുന്ന ‘ആഹാ’, മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലാൽ ബാഗ്’ എന്നിവയാണ് നാളെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിനു ശേഷം ആസിഫ് അലി, രജിഷ വിജയന്‍ എന്നിവർ ഒന്നിക്കുന്ന ‘എല്ലാം ശരിയാകും’ സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ഷാരിസ്, ഷാല്‍ബിന്‍, നെബിന്‍ എന്നിവർ ചേർന്നാണ്.

സഖാവ് വിനീത് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്‍ന്ദ്രന്‍സ്, ജോണി ആന്റണി, തുളസി ശിവമണി, ബാലു വര്‍ഗീസ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഔസേപ്പച്ചന്‍ ആണ് സംഗീതം നിർവ്വഹിക്കുന്നത്. ഔസേപ്പച്ചന്‍ സംഗീതം നൽകുന്ന 200മത് ചിത്രമാണ് ‘എല്ലാം ശരിയാകും’ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, സിദ്ധാര്‍ഥ് മേനോന്‍, റിയ സൈറ, ഗംഗ മീര, ഗണപതി എന്നീ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ‘ജാൻ എ മൻ’ സംവിധാനം ചെയ്യുന്നത് ചിദംബരം ആണ്. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയി എത്തുന്ന ചിത്രത്തിൽ നിരവധി പുതിമുഖങ്ങളും അണിനിരക്കുന്നു. ചീര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേശ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വടംവലി പ്രമേയമായി എത്തുന്ന ഇന്ദ്രജിത് ചിത്രം ‘ആഹാ’യുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിബിന്‍ പോള്‍ ആണ്. ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ഥ് ശിവ മനോജ് കെ ജയന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. തിരക്കഥ – സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ടോബിത്ത് ചിറയത്താണ്.

പൈസാ പൈസാ’ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ‘ലാല്‍ ബാഗ്’. മംമ്തക്കു പുറമെ സിജോയ് വർഗീസ്, രാഹുൽ മാധവ്, അജിത് കോശി, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി.കെ. പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിർവ്വഹിക്കുന്നു. ഗാനരചന-അജീഷ് ദാസൻ, സംഗീതം-രാഹുൽ രാജ്.

അതെ സമയം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’ നാളെയാണ് റിലീസ്. ഒടിടിയില്‍ ആണ് ‘ചുരുളി’ റിലീസ് ചെയ്യുന്നത്. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വളരെയേറെ ശ്രദ്ധേ നേടിയ ‘ചുരുളി’ നിർമ്മിച്ചിരിക്കുന്നത് ലിജോ പെല്ലിശേരിസ് മൂവി മണാസ്ട്രിയും ചെമ്പോസ്‌കിയും ഓപസ് പെന്റയും ചേര്‍ന്നാണ്. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ഗീതി സംഗീത എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് എസ്. ഹരീഷാണ്.

cinema pranthan