Cinemapranthan

കാത്തിരിപ്പുകൾക്ക് അവസാനം; എല്ലാ തിയറ്ററുകളും 25 ന് തുറക്കും

22 ന് തിയേറ്റർ ഉടമകൾ സർക്കാരുമായി ചർച്ച നടത്തും

കോവിഡ് രണ്ടാം തരംഗം കാരണം അടച്ചു പൂട്ടിയ തിയറ്ററുകൾ ഈ മാസം 25 നു തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് നിർണായക തീരുമാനം എടുത്തത്. ഇതിന് മുന്നോടിയായി ഈ മാസം 22 ന് തിയേറ്റർ ഉടമകൾ സർക്കാരുമായി ചർച്ച നടത്തും. 25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി ഉണ്ടെങ്കിലും സര്‍ക്കാറിന്റെ മുന്നില്‍ വച്ചിരിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അടിയന്തര യോഗത്തില്‍ ഇവ ചർച്ച ചെയ്ത് പരിഹരിക്കാനും സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് തിയേറ്ററുകൾ തുറക്കാനുമാണ് ഇന്ന് ചേർന്ന യോഗം തീരുമാനമെടുത്തത്. മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെയുള്ള എല്ലാ സിനിമാ തിയേറ്ററുകളും ഒരേ സമയത്തായിരിക്കും തുറക്കുക.

സിനിമയുടെ റിലീസ് മുന്‍ഗണനാ അടിസ്ഥാനത്തില്‍ മോഹന്‍ലാല്‍ ചിത്രമായ മരക്കാറും ആറാട്ടും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്ന് സംഘടന അറിയിച്ചു. തീയേറ്റര്‍ ഉടമകളിൽ നിന്നും നിര്‍മ്മാതാക്കള്‍ അഡ്വന്‍സ് വാങ്ങിയിരുന്നതിനാല്‍ മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്നും സംഘടന പറഞ്ഞു.

ആറ് മാസം നീണ്ട അടച്ചു പൂട്ടലിനു ശേഷമാണ് തിയറ്ററുകൾ തുറക്കുന്നത്. അത് കൊണ്ട് തന്നെ പ്രേക്ഷകരും സിനിമ ലോകവും ഒരുപോലെ ആവേശത്തിലും ആശ്വാസത്തിലുമാണ്. അതേസമയം, തീയേറ്റര്‍ തുറക്കുമ്പോള്‍ 50% ശതമാനം സീറ്റുകളില്‍ മാത്രമാകും പ്രവേശനം അനുവദിക്കുക. 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശന അനുമതി.

cp-webdesk