Cinemapranthan

പ്രഭാസ് ചിത്രത്തിലൂടെ കന്നടയിലേക്ക് കടന്ന് നിഹാൽ സാദിഖ്; ‘രാധേ ശ്യാം’ലെ ആദ്യ ഗാനം നവംബർ 15 ന്

നവംബർ 15 ന് വൈകുന്നേരം 5 മണിക്ക് ആണ് ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്യുന്നത്

പ്രഭാസ്, പൂജ ഹെഗ്‌ഡെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘രാധേ ശ്യാം’ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. നവംബർ 15 ന് വൈകുന്നേരം 5 മണിക്ക് ആണ് ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്യുന്നത്. ‘രാധേ ശ്യാമിലെ’ ഗാനം പുറത്തിറങ്ങുമ്പോൾ ഇങ്ങു കേരളത്തിൽ നിന്ന് ഒരു മലയാളി സാന്നിധ്യം കൂടി ഉണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ഗാനത്തിന്റെ മലയാളം, കന്നട ട്രാക്കുകൾ പാടിയിരിക്കുന്നത് മലയാളി ഗായകനായ നിഹാൽ സാദിഖ് ആണ്. നിഹാലിനൊപ്പം ഹരിണി ഇവതുരിയും ഗാനം ആലപിച്ചിരിക്കുന്നു.

‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് രചന, സംഗീതം എന്നിവ നിർവ്വഹിച്ചിട്ടുള്ള നിഹാലിന്റെ ‘ചെകുത്താൻ’ എന്ന ഗാനത്തിന്റെ ട്രാക്ക് കേട്ടാണ് ‘രാധേ ശ്യാം’ ചിത്രത്തിലേക്ക് പാടാൻ വിളിക്കുന്നത്. ഇതേ ഗാനത്തിന്റെ തമിഴ്, തെലുങ്ക് ട്രാക്കുകൾ പാടിയിരിക്കുന്നത് യുവൻ ശങ്കർരാജയാണ്. 4 തെന്നിന്ത്യൻ ഭാഷകളുടെയും ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്. എന്നാൽ ഹിന്ദിയിൽ ഇതേ വരികളിലുള്ള ഗാനത്തിന്റെ സംഗീതം വ്യത്യസ്തമാണ്. ഒരുപക്ഷേ ആദ്യമായിട്ടാണ് ഇന്ത്യൻ സിനിമയിൽ ഇത്തരമൊരു ശ്രമം നടക്കുന്നത്. പാട്ടിന്റെ ഹിന്ദി പതിപ്പ് പിന്നീടായിരിക്കും പുറത്തിറങ്ങുക.

നിലവിൽ ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ‘രാധേ ശ്യാം’. ഒരു ഫാന്റസി പ്രണയകഥ പറയുന്ന ചിത്രത്തിൽ പ്രഭാസ് കൈനോട്ടക്കാരനായും പൂജ ഹെഗ്‌ഡെ രാജകുമാരിയായുമാണ് എത്തുന്നത്. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ‘രാധേ ശ്യാം’ 2022 ജനുവരി 14 ന് തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ട്. യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി, പ്രമോദ്, പ്രസീദ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

cinema pranthan