Cinemapranthan

‘പുഷ്പ’ ഒടിടി റിലീസിലേക്ക്; റിലീസ് തീയ്യതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ

ഡിസംബർ 7 നു ആമസോൺ പ്രൈം വിഡിയോയിൽ വെള്ളിയാഴ്ച രാത്രി 8 മണിക്ക് റിലീസിനെത്തുന്നു

അല്ലു അർജുൻ ചിത്രം ‘പുഷ്പ’ ഡിസംബർ 7 നു ആമസോൺ പ്രൈം വിഡിയോയിൽ റിലീസിനെത്തുന്നു. വെള്ളിയാഴ്ച രാത്രി 8 മണിക്ക് ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ആണ് സിനിമ റിലീസ് ചെയ്യുന്നത്. നേരത്തെ തന്നെ ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട വാർത്തകൾ വന്നിരുന്നെങ്കിലും ആമസോണിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നാണ്.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ ഫഹദ് ഫാസിലും ‘പുഷ്പ’യിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് ആണ് ‘പുഷ്പ’ തകർത്തത്. ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് വടക്കേ ഇന്ത്യയിൽ നിന്ന് മാത്രം പുഷ്പ നേടിയത്. രണ്ട് ഭാ​ഗങ്ങളായി ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാ​​ഗം ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ചിത്രത്തിലെ സാമന്ത അഭിനയിച്ച ഡാൻസ് നമ്പർ ഹിറ്റായിരുന്നു.

മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്ക്കാർ പുരസ്ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്, പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്.

cinema pranthan