Cinemapranthan

ഒടുവിൽ പുനീതിന്റെ ആഗ്രഹം സഫലമായി; ആ കണ്ണുകൾ ഇനി നാല് പേർക്ക് വെളിച്ചമാകും

മൂന്ന് പുരുഷന്മാര്‍ക്കും ഒരു സ്ത്രീയ്ക്കുമാണ് പുനീതിന്റെ കണ്ണുകളിലൂടെ ജീവിതത്തിൽ പുതിയ വെളിച്ചം ലഭിക്കുന്നത്

അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ കണ്ണുകളിലൂടെ നാല് പേര്‍ കാഴ്ച്ചയുടെ ലോകത്തേക്ക്. മൂന്ന് പുരുഷന്മാര്‍ക്കും ഒരു സ്ത്രീയ്ക്കുമാണ് പുനീതിന്റെ കണ്ണുകളിലൂടെ ജീവിതത്തിൽ പുതിയ വെളിച്ചം ലഭിക്കുന്നത്. രണ്ടു കോർണിയയിലെയും പാളികൾ രണ്ടായി വേർതിരിച്ചെടുത്താണ് രോഗികളിൽ വെച്ച് പിടിപ്പിച്ചത്. പുനീത് ബാക്കിയാക്കിയ ആഗ്രഹവും ഇതോടെ സഫലമാവുകയായിരുന്നു. പുനീതിന്റെ അമ്മ പാർവതമ്മയും മരണ ശേഷം കണ്ണുകൾ ദാനം ചെയ്തിരുന്നു. നാരായണ നേത്രാലയക്ക് കീഴിലുള്ള രാജ്‌കുമാർ നേത്രബാങ്ക് വഴിയാണ് പുനീതിന്റെ കണ്ണുകൾ ദാനം ചെയ്തത്.

പുനീതിന്റെ അച്ഛൻ രാജ്‌കുമാറും അമ്മ പാർവതമ്മയും മരണ ശേഷം കണ്ണുകൾ ദാനം ചെയ്തിരുന്നു. 1994 ൽ രാജ് കുമാർ ആരംഭിച്ച നേത്ര ബാങ്ക് കുടുംബത്തിലുള്ള എല്ലാവരുടെയും സമ്മതപത്രം നൽകിയിരുന്നു. സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പുനീത് 2000 പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, 20 വൃദ്ധസദനം, 26 അനാഥാലയങ്ങൾ തുടങ്ങിയവയും നടത്തിയിരുന്നു.

കന്നഡയിലെ പ്രശസ്ത സിനിമ കുടുംബമായ രാജ്കുമാര്‍ കുടുംബത്തിലെ അംഗമാണ് പുനീത്. അച്ഛന്‍ രാജ്കുമാറിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ബാലതാര വേഷങ്ങളിലൂടെയാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ‘യുവരത്ന’യാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മാതാപിതാക്കളുടെ സമാധി സ്ഥലമായ ഖണ്ടീരവ സ്റ്റുഡിയോയിലാണ് പുനീതും അന്ത്യവിശ്രമം കൊള്ളുന്നത്.

cinema pranthan