Cinemapranthan

തരംഗമായി സഞ്ജന ഗിൽറാണിയുടെ ഡാൻസ് നമ്പർ; പ്രവീൺ റാണയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചോരനിലെ’ ആദ്യ ഗാനം വൈറൽ

ചടുലമായ നൃത്തചുവടുകളും ത്രസിപ്പിക്കുന്ന ഗാനരംഗങ്ങളുമായി എത്തുന്ന ‘നോക്കെല്ലേട്ടോ’ എന്ന ഗാനമാണ് യൂട്യൂബിൽ ട്രെൻഡിങ് ആയിരിക്കുന്നത്

ഡോ. പ്രവീൺ റാണയും സഞ്ജന ഗിൽറാണിയും ഒരുമിച്ച് എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ചോരനിലെ’ ആദ്യ ഗാനം തരംഗമാകുന്നു. സേഫ് & സോങ് ടിവി ന്യൂസ് ആൻഡ് എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

ചടുലമായ നൃത്തചുവടുകളും ത്രസിപ്പിക്കുന്ന ഗാനരംഗങ്ങളുമായി എത്തുന്ന ‘നോക്കെല്ലേട്ടോ’ എന്ന ഗാനമാണ് യൂട്യൂബിൽ ട്രെൻഡിങ് ആയിരിക്കുന്നത്. 4 മ്യൂസിക്‌സ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസൻ ആണ്. ഗാനരചന ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.

ഡോ. പ്രവീൺ റാണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ചോരനിലെ’ ആദ്യ ഗാനത്തിന്റെ മലയാളം വേർഷൻ ആണ് പുറത്തിറങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഗാനം പുറത്തിറങ്ങുന്നുണ്ട്. റിലീസിനോടനുബന്ധിച്ച് പുറത്തിറങ്ങിയ പോസ്റ്ററുകൾ എല്ലാം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ചങ്ക്‌സ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച രമ്യ പണിക്കരാണ് ചോരനിലെ നായിക. അങ്കമാലി ഡയറീസ് ഫെയിം സിനോജ് വർഗീസാണ് ചോരനിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘നോക്കല്ലെട്ടോ’ എന്ന് തുടങ്ങുന്ന ഗാനരംഗത്തിൽ ചടുലമായ നൃത്തച്ചുവടുകളുമായി സിനോജും പ്രത്യക്ഷപ്പെടുന്നുണ്ട്. രമ്യ പണിക്കരും സിനോജും പൊറിഞ്ചു മറിയം ജോസിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ചോരൻ.

സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘ചോരൻ’ നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് പറയുന്നത്. പരിചയമില്ലാത്ത സ്ഥലത്ത് അസമയത്ത് വന്നുപെടുകയും അവിടെ കാണുന്ന തിന്മകൾക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു കള്ളന്റെ കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്. മ്യൂസിക് മെൻറ്റർ പ്രവീൺ റാണാ. കൊറിയോഗ്രാഫർ ഭവിൽ മുംബൈ. ഛായാഗ്രഹണം സുരേഷ് ബാബു.

cinema pranthan