Cinemapranthan

മാപ്പ് കൊണ്ട് മാത്രം കാര്യമില്ല, കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം; പ്രകാശ് രാജ്

കർഷക സരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്

കാർഷിക ബില്ലിനെതിരെ സംഘടിപ്പിച്ച സമരത്തിനിടയിൽ ജീവൻ വെടിഞ്ഞ കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രധാന മന്ത്രി നരേന്ദ്രേ മോദി ഏറ്റെടുക്കേണമെന്ന് നടൻ പ്രകാശ് രാജ്. മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലെന്നും താരം പറഞ്ഞു. തെലങ്കാന മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ നഗരവികസന മന്ത്രി കെ.ടി. രാമറാവുവിന്റെ ട്വീറ്റ് പങ്കുവെച്ചാണ് പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ദില്ലിയിൽ നടന്ന പ്രക്ഷോപത്തിനിടെ കൊല്ലപ്പെട്ട 750 കർഷകർക്കും തെലുങ്കാന സർക്കാർ നേരത്തെ മൂന്ന് ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സമരത്തിനിടെ മരിച്ച കർഷകർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കർഷകർക്ക് മേൽ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ആയിരുന്നു ചന്ദ്ര ശേഖർ റാവു തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

അതേസമയം കർഷക സരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സിംഘു അതിർത്തിയിൽ ചേർന്ന യോഗത്തിലാണ് സമരം തുടരാൻ കർഷകർ തീരുമാനിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നവംബർ 26ന് പാർലമെന്റിലേക്ക് ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ അറിയിച്ചു.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ കർഷക യോഗത്തിലാണ് സമരം തുടരണമെന്ന വിവരം പുറത്തുവിട്ടത് . കാബിനറ്റിൽ പോലും കൂടിയാലോചനകൾ നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്നതിനുളള സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കർഷകർക്കുമേൽ ചുമത്തിയിട്ടുളള കേസുകൾ പിൻവലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം എന്നതുൾപ്പെടെയുളള ആവശ്യങ്ങൾ സർക്കാരിനോട് ഉന്നയിക്കും. സർക്കാർ കർഷകരുമായി ചർച്ച നടത്തിയാൽ മാത്രമെ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയൊളളൂവെന്നും യോഗം അഭിപ്രായപ്പെട്ടു.

cinema pranthan