Cinemapranthan

‘മിന്നൽ മുരളി’ സ്പെഷ്യൽ ഇമോജിയുമായി ട്വിറ്റർ; സന്തോഷം പങ്കുവെച്ച് ബേസിൽ ജോസഫ്

ടൊവിനോയുടെ മിന്നൽ മുരളി എന്ന കഥാപാത്രത്തിന്റെ രൂപത്തിലുള്ള ഇമോജിയാണ് ട്വിറ്റർ കൊണ്ടു വന്നിരിക്കുന്നത്

ടൊവിനോ തോമസ് നായകനാകനാകുന്ന ‘മിന്നൽ മുരളി’ നാളെയാണ് റിലീസിനെത്തുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രമായ ‘മിന്നൽ മുരളി’ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ പ്രേമികൾ. ഇപ്പോഴിതാ ‘മിന്നൽ മുരളി’ സ്പെഷ്യൽ ഇമോജി പുറത്തിറക്കിയിരിക്കുകയാണ് സാക്ഷാൽ ട്വിറ്റർ.

ടൊവിനോ അവതരിപ്പിക്കുന്ന മിന്നൽ മുരളി എന്ന കഥാപാത്രത്തിന്റെ രൂപത്തിലുള്ള ഇമോജിയാണ് ട്വിറ്റർ കൊണ്ടു വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ ഹിറ്റായി മാറിയ ഇമോജി സംവിധായകൻ ബേസിൽ ജോസഫും തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ്.

‘ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്‌സണ്‍ എന്ന യുവാവിന്റെ കഥയാണ് ‘മിന്നല്‍ മുരളി’. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം ആണ് ‘മിന്നൽ മുരളി’. ഡിസംബർ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസിനെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്.

ടോവിനോക്കൊപ്പം അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

cp-webdesk