Cinemapranthan

‘സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നു ‘ജയ്ഭീം’; പി എ മുഹമ്മദ് റിയാസ്

അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ‘ജയ് ഭീം’

സൂര്യ പ്രധാന കഥാപാത്രമായി എത്തി തമിഴ്നാട്ടിലും കേരളത്തിലും വലിയ വിജയമായി മാറിയ ‘ജയ് ഭീം’ എന്ന സിനിമ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഇന്ന് ചർച്ച വിഷയം. ടി ജെ ജ്ഞാനവേൽ കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജാതി രാഷ്ട്രീയമാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചെത്തിയിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ചിത്രമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിക്കുന്നു.

പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

“സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ ‘ജയ് ഭീം’ എന്ന സിനിമ.അധികാരത്തിന്റെ നെറികേടുകളോട്, ജാതീയമായ ഉച്ഛനീചത്വങ്ങളോട്, നിയമ വാഴ്ച്ചയുടെ അന്ധതയോട്, കൊടിയ പീഢനമുറകളോട് എല്ലാം, സാധാരണ മനുഷ്യർ നടത്തുന്ന ചെറുത്തു നിൽപ്പുകളെ സൂര്യയുടെ വക്കീൽ ചന്ദ്രുവും, ലിജോ മോൾ ജോസിന്റെ സെൻഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നു. ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും ‘ജയ്ഭീം’ നീതി പുലർത്തിയിട്ടുണ്ട്. വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട് ‘ജയ്ഭീം’..മികച്ച സിനിമ.”

സൂര്യക്കൊപ്പം മലയാളി താരങ്ങളായ ലിജോ മോൾ, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചവരായിരുന്നു. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആമസോൺ പ്രൈമിലൂടെയാണ് ‘ജയ് ഭീം’ റിലീസ് ചെയ്തിരിക്കുന്നത്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

cinema pranthan