Cinemapranthan

‘തിയറ്ററിൽ അമ്പത് ദിവസം ഉണ്ടാകില്ല, അതിനു മുൻപേ ‘മരക്കാർ’ ഒടിടി റിലീസ് ചെയ്യും’; ആന്റണി പെരുമ്പാവൂര്‍

റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്

‘മരക്കാർ’ റിലീസാകാൻ ഇനി മണിക്കൂറുകൾ മാത്രം ആണ്. പ്രേക്ഷകർ അത്യധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം തിയറ്ററുകളിൽ തന്നെ കാണാൻ ആണ് കൂടുതൽ പ്രേക്ഷകരും ആഗ്രഹിക്കുന്നത്. എന്നാൽ ആദ്യം തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം റിലീസിനു ശേഷം അമ്പതു ദിവസത്തിനുളളില്‍ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനമുണ്ടെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘മരക്കാര്‍ സിനിമ തിയേറ്ററില്‍ കാണുക എന്ന് പറയുന്നത് മലയാളികളുടെ ഏറ്റവും വലിയ ആഗ്രഹവും ആവേശവുമാണ്. തീര്‍ച്ചയായും കാണികളില്‍ നിന്ന് ആ പിന്തുണയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ചിത്രം കൂടുതല്‍ കാണികളിലേക്കെത്താന്‍ തിയേറ്റര്‍ റിലീസിന് ശേഷം അമ്പത് ദിവസത്തിന് മുന്‍പ് തന്നെ ഒടിടിയില്‍ റിലീസ് ചെയ്യും. അതിനായി ചര്‍ച്ചകള്‍ നടത്തി വരികയാണ്’ ആന്റണി പെരൂമ്പാവൂര്‍ പറഞ്ഞു.

കേരളത്തിൽ മൊത്തം 631 റിലീസ് സ്‌ക്രീനുകളാണ് ഉള്ളത്. ഇതിൽ 626 എണ്ണത്തിലും നാളെ ‘മരക്കാർ’ ആണ് പ്രദർശിപ്പിക്കുന്നത്. അതേ സമയം ലോകവ്യാപകമായി 4100 ത്തിലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക.

ആദ്യമായിട്ടാണ് കേരളത്തിൽ ഇത്രയധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നത്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘മരക്കാർ’ നൂറുകോടി മുതൽ മുടക്കിൽ ആണ് ഒരുങ്ങുന്നത്.

കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഒരു ഇമോഷണൽ ത്രില്ലർ ആണെന്ന് മോഹൻലാൽ’ നേരത്തെ പറഞ്ഞിരുന്നു. ‘രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട സിനിമ 110 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് ഈ സിനിമ മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. സാബു സിറിലാണ് കലാ സംവിധായകൻ. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

cinema pranthan