Cinemapranthan

വരികളൊന്നുമില്ലാതൊരു മ്യൂസിക്കൽ ഷോട്ട്; ശ്രദ്ധേയമായി ‘മുക്കത്തെ പെണ്ണ്’ ഗായകൻ മഖ്‌ബൂൽ മൻസൂറിന്റെ ‘ഓം’

മൂന്ന് ദിവസം കൊണ്ട് പെട്ടെന്ന് ആലോചിച്ചു ഉണ്ടായതാണ് ‘ഓം’ എന്ന മ്യൂസിക്കൽ ഷോട്ട്

മുക്കത്തെ പെണ്ണിന്റെ ഗാനം പാടിയാണ് മുഹമ്മദ് മഖ്‌ബൂൽ മൻസൂർ എന്ന പാട്ടുകാരൻ മലയാളികളുടെ മനസ്സിൽ കസേര ഉറപ്പിച്ചത്. ചാർളി മുതൽ ട്രാൻസ് വരെയുള്ള ചിത്രങ്ങളിൽ പാടിയിട്ടുള്ള മഖ്‌ബൂൽ തന്നെ എഴുതി ആലപിച്ച ഈ ഗാനമാണ് എന്നും പ്രേക്ഷകർക്കിടയിൽ മഖ്‌ബൂൽ എന്ന പാട്ടുകാരനെ വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ ‘ഓം’ എന്ന മ്യൂസിക്കൽ ഷോട്ട് ചെയ്തു കൊണ്ട് വീണ്ടും ശ്രദ്ധേയനാവുകയാണ് മഖ്‌ബൂൽ.

‘ഓം’ എന്ന മ്യൂസിക്കൽ ഷോട്ട് ഉണ്ടായതിനെ പറ്റി മഖ്‌ബൂൽ പറയുന്നത്, ഒരു മൂന്ന് ദിവസം കൊണ്ട് പെട്ടെന്ന് ആലോചിച്ചു ഉണ്ടായതെന്നാണ്. നടൻ അശ്വിന് ഒപ്പം വീട്ടിലിരുന്നപ്പോൾ പെട്ടെന്ന് തോന്നിയ ചിന്തയിൽ നിന്നാണ് ‘ഓം’ ഉണ്ടാകുന്നത്. ഒരു തീം ബേസ്ഡ് ഫോട്ടോഷൂട്ട് പ്ലാൻ ആയിരുന്നു ആദ്യം. ഫോട്ടോഷൂട്ടിന് വേണ്ടി ഫോട്ടോഗ്രാഫർ ആയ അഭിയെ കണ്ടു സംസാരിക്കുകയും തുടർന്ന് സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ധീനോട് സംസാരിക്കുമ്പോഴാണ് എന്ത് കൊണ്ട് ഇതൊരു വീഡിയോ ആയി ചെയ്തു കൂടാ എന്ന് ആലോചിക്കുന്നത്.

പ്രത്യേകിച്ച് പ്ലാനുകളോ, സ്ക്രിപ്റ്റോ, മ്യൂസിക്കോ ഒന്നും തന്നെയില്ലാതെ ഒരു മ്യൂസിക്കൽ ഷോട്ട് ചെയ്യുകയായിരുന്നു. ഒരു മോഡേൺ ഹാരപ്പൻ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന കോസ്റ്റ്യൂം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജിഷാദ് അത് ഏറ്റെടുക്കുകയും മൂന്നാമത്തെ ദിവസം ഷൂട്ടിന് പോവുകയായിരുന്നു എന്നും മഖ്‌ബൂൽ പറയുന്നു.

ഷൂട്ട് ചെയ്തതിന് ശേഷം അത് റഫ് എഡിറ്റിംഗ് ചെയ്തു കഴിഞ്ഞാണ് മ്യൂസിക് ചെയ്യുന്നതെന്ന് മഖ്‌ബൂൽ പറഞ്ഞു. തുടർന്ന് മ്യൂസിക് ചെയ്തതിനു ശേഷം വീണ്ടും എല്ലാം ഒരിക്കൽ കൂടി റീ – എഡിറ്റ് ചെയ്യുകയും ഒപ്പം വി എഫ് എക്സ്, മ്യൂസിക്കിനോട് ചേർന്ന് നിൽക്കുന്ന സൗണ്ട് ഡിസൈനിങ് എന്നിവയെല്ലാം ചെയ്ത് ഒരു നീണ്ട പ്രോസസ്സിലൂടെയാണ് ‘ഓം’ എന്ന മ്യൂസിക്കൽ ഷോട്ട് തയ്യാറാകുന്നത് എന്ന് മഖ്‌ബൂൽ പറഞ്ഞു..

അശ്വിൻ കുമാറിന്റെ ശബ്ദത്തിലൂടെ തുടങ്ങുന്ന ‘ഓം’ വരികളൊന്നുമില്ലാതെ തയ്യാറാക്കിയ ഒരു മ്യൂസിക്കൽ ഷോട്ട് ആണ്. എങ്കിലും ‘ഓം’മായി ബന്ധപ്പെട്ടു നിൽക്കുന്ന അറബിക് വാക്കുകളും, ആലാപ്സും, സ്വരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ‘ഓം’ ആരംഭിക്കുന്നത് ഒരു കവിതയിലൂടെയാണ്. മഖ്‌ബൂൽ മൻസൂർ തന്നെയാണ് ഈ കവിത രചിച്ചിരിക്കുന്നത്.

”നിങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഇതിലൂടെ എന്ത് മനസിലാക്കുന്നു എന്നാണ് ‘ഓം’ന്റെ പ്രത്യേകത. ഒരു സെൽഫ് റിഫ്ലക്ഷൻ ആയിട്ടാണ് ഞാൻ ഇതിനെ സമീപിക്കുന്നത്. ഏതൊരു കലാസൃഷ്ടിയും ഉണ്ടായതിനു ശേഷം നമ്മൾ അതിനെക്കുറിച്ച് പറയുന്നത് ശരിയല്ല. പ്രേക്ഷകരാണ് അതിനെപ്പറ്റി പറയേണ്ടത്”. മഖ്‌ബൂൽ പറയുന്നു.

‘ഓം’ മ്യൂസിക്കൽ ഷോട്ടിന്റെ ആശയവും സംവിധാനവും മഖ്‌ബൂൽ മൻസൂർ ആണ്. നടൻ അശ്വിൻ കുമാർ ആണ് ‘ഓം’ൽ അഭിനയിച്ചിരിക്കുന്നത്. അഭിരാം ആണ് മ്യൂസിക് ചെയ്തിരിക്കുന്നത്. അർജുൻ രമേശ്, അരുൺ ദാമോദർ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിബിൻ പോൾ സാമുവൽ. കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ധീൻ. മേക്കപ്പ് നരസിംഹ സ്വാമി. മ്യൂസിക് പ്രോഗ്രാമിങ് അറേഞ്ച്മെന്റ്സ് ഷെറോൺ റോയ് ഗോമസ്. ഗിത്താർ സനു. പി. ഡാർബുക കിഷോർ കൃഷ്ണ. വോക്കൽസ്‌ അഭിരാം. കേവ്മാൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ അശ്വിൻ കുമാർ, അർജുൻ രമേഷ്, മുഹമ്മദ് മഖ്‌ബൂൽ മൻസൂർ എന്നിവർ ചേർന്നാണ് ‘ഓം’ നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക് 247 ആണ് ‘ഓം’ റിലീസ് ചെയ്തിരിക്കുന്നത്.

cp-webdesk