Cinemapranthan

‘ടെക്നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം; ‘മരക്കാർ എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും’: ട്രോളുകൾക്കെതിരെ മാല പാർവതി

യഥാർത്ഥത്തിൽ സിനിമയെ സ്നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്

പ്രിയദർശൻ – മോഹൻലാൽ ചിത്രം മരക്കാർ റിലീസ് ചെയ്തതിനു പിന്നാലെ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് ചിത്രം ഏറ്റു വാങ്ങിയത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഇറങ്ങിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചതെങ്കിലും ആദ്യ പ്രദർശനം കഴിഞ്ഞത് മുതൽ തന്നെ പല കോണുകളിൽ നിന്നും സിനിമക്ക് വിമർശനങ്ങളും ഉയർന്നിരുന്നു.

ചിത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് പലരും അഭിപ്രായങ്ങൾ ഉന്നയിക്കുമ്പോഴും സിനിമയെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ‘മരക്കാർ’ നേരിടുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും എതിരെ പ്രതികരിച്ചിരിക്കുകയാണ് നടി മാലാ പാർവതി. ‘ഇത്രയും ടെക്നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു’ എന്നാണ് മാല പറഞ്ഞിരിക്കുന്നത്.

മാല പാർവതിയുടെ ഫേസ്ബുക് കുറിപ്പ്

“കോവിഡിൻ്റെ ആഘാതം വലിയ രീതിയാണ് സിനിമയെ ബാധിച്ചത്.കുറുപ്പും, ജാനേമനും, മാനാടും ഒക്കെ തിയറ്ററിൽ വിജയിക്കുന്നതായി അറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു.”മരക്കാർ, തിയറ്ററിലേക്കെത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകി.

ചിത്രമിറങ്ങിയ അന്ന് മുതൽ, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകൾ കണ്ടു തുടങ്ങി.സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്.എന്നാൽ “മരക്കാർ അറബിക്കടലിൻ്റെ സിംഹം ” എന്ന ഈ പ്രിയദർശൻ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും.
ഇത്രയും ടെക്നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു.

അപവാദങ്ങൾ, നെഗറ്റീവ് കമൻ്റുകൾക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു. ചിത്രത്തിൻ്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാർത്ഥത്തിൽ സിനിമയെ സ്നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.”

അതേ സമയം റിലീസിന് മുൻപ് തന്നെ ‘മരക്കാർ’ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡാണ് ഇതോടെ മരയ്ക്കാർ നേടിയത്. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്.

അനില്‍ ശശിയും പ്രിയദര്‍ശനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രിയദർശൻ ആണ്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്.

മോഹൻലാലിനൊപ്പം മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

cinema pranthan